16/10/2020

12-10-2020- സ്മാരക നാണയങ്ങൾ- തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം

      

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
05

തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം

എ.ഡി.985 മുതൽ 1014/ 15 വരെ തഞ്ചാവൂർ കേന്ദ്രമാക്കി തെക്കേ ഇന്ത്യ വാണ ചോഴ  ചക്രവർത്തിയാണ് രാജരാജചോഴൻ. ശൈവ വിശ്വാസിയായിരുന്നു അദ്ദേഹം. തന്റെ ആരാധനാ മൂർത്തിയായ രാജരാജേശ്വരന്     (ശിവന് ) തഞ്ചാവൂരിൽ ഒരു ക്ഷേത്രം പണിഞ്ഞ് "ശിവപാദ ശേഖരൻ" (ശിവപാദം ശിരസ്സിൽ വഹിക്കുന്നവൻ) എന്ന പട്ടവും സ്വീകരിച്ചു അദ്ദേഹം. എ.ഡി.1003 നും 1010 നും മദ്ധ്യേ നിർമ്മിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. ക്ഷേത്ര നിർമ്മിതിയിലെ ഒരു അത്ഭുതമായി അവശേഷിക്കുന്നു ഈ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം (വിമാനം) ഈ ക്ഷേത്രത്തിന്റേതാണ്. ക്ഷേത്രകുംഭത്തിന്റെ ഭാരം 80 ടൺ വരുമെന്ന് കണക്കാക്കുന്നു. അതിനു മുകളിൽ 25 ടൺ ഭാരമുള്ള ശിഖരം സ്ഥാപിച്ചിരിക്കുന്നു. രാജരാജൻ, അദ്ദേഹത്തിൻറെ ഈശ്വരൻ എന്ന അർത്ഥത്തിൽ "രാജരാജേശ്വരം" എന്നാണ് പേര് നല്‍കിയതെങ്കിലും പിൽകാലത്ത് അത് ബൃഹദേശ്വര ക്ഷേത്രമായി അറിയപ്പെട്ടു.  അവിടെയുള്ള ബൃഹന്നായകി ക്ഷേത്രത്തിൽ കാണുന്ന ലിഖിതത്തിൽ ശിവക്ഷേത്രത്തെ "പെരിയ ഉടയ നയിനാർ" കോയിൽ എന്ന് പറയുന്നത് കൊണ്ടാണ് ബൃഹദേശ്വര ക്ഷേത്രം എന്ന പേര് ലഭിച്ചതെന്നാണ് ഒരു മതം. തഞ്ചാവൂർ, മറാത്തീയർ ഭരിച്ച കാലത്ത് അവർ പഴയ പേരിനു പകരം പുതിയ പേര് നൽകിയതാണ് എന്നാണ് മറ്റൊരു മതം. 2010 സെപ്റ്റംബര്‍ മാസത്തിൽ ബൃഹദേശ്വര ക്ഷേത്രത്തിന്റെ ആയിരം വര്‍ഷം വിപുലമായി ആചരിക്കുകയുണ്ടായി. തന്റെ 25ാം  ഭരണവർഷത്തിന്റെ (1010)  275ാം  ദിനത്തിലാണ് അഭിഷേകത്തിനുള്ള കലശം (സ്വർണം പൂശിയ ചെമ്പു കുടം) സമർപ്പിച്ചത് എന്ന് രേഖകളിൽ പറയുന്നു. അതിനാൽ ആ ദിവസത്തിന്റെ 1000ാമത്  വാർഷിക അനുസ്മരണമാണ് തദവസരത്തിൽ നടന്നത്.

ബൃഹദേശ്വര ക്ഷേത്രത്തിന്റെ 1000 വര്‍ഷം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് 1000 രൂപയുടെയും 5 രൂപയുടെയും സ്മാരക നാണയങ്ങൾ പുറത്തിറക്കുകയുണ്ടായി. ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന 1000 രൂപ നാണയം ഇതാണ്.

നാണയ വിവരണം

ഈ നാണയത്തിന്റെ പിൻപുറത്ത് ബൃഹദേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ കൈകൂപ്പി നിൽക്കുന്ന രാജരാജ ചോഴന്റെ പ്രതിമയാണ് മദ്ധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിനു താഴെ തഞ്ചാവൂർ എന്ന് ഹിന്ദിയിൽ ഇടത്തും ഇംഗ്ലീഷിൽ വലത്തും കാണാം. അരികിൽ ഇടത്തു വശത്ത് "ബൃഹദീശ്വരർ മന്ദിർ കേ 1000 വർഷ് " എന്നും വലത്തു വശത്ത് "1000 ഇയേഴ്സ്  ഓഫ് ബൃഹദീശ്വരർ ടെംപിൾ " എന്ന് ഇംഗ്ലീഷിലും ഉണ്ട്. ഏറ്റവും താഴെ അരികിലായി രണ്ടു നക്ഷത്രങ്ങൾക്ക് നടുവിൽ 2010 എന്ന് വർഷം  രേഖപ്പെടുത്തിയിരിക്കുന്നു .

സാങ്കേതിക വിവരണം

1. മൂല്യം - 1000 രൂപ ഭാരം - 35 ഗ്രാം വ്യാസം - 44 മില്ലിമീറ്റര്‍ ലോഹം -  വെള്ളി - 80%, ചെമ്പ് - 20% വരകള്‍ (serration) - 200
2. മൂല്യം - 5 രൂപ ഭാരം - 6 ഗ്രാം വ്യാസം - 23 മില്ലിമീറ്റര്‍ ലോഹം - ചെമ്പ് - 75%, നാകം - 20%  നിക്കൽ  - 5% വരകള്‍ (serration) - 100




No comments:

Post a Comment