ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 19 |
ജോൺ ബോയ്ഡ് ഡൺലപ്
വായു നിറച്ച ടയർ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച സ്കോട്ടിഷ് മൃഗഡോക്ടറായിരുന്നു ജോൺ ബോയ്ഡ് ഡൺലപ്. അനവധി രാജ്യങ്ങളിൽ ശാഖകളുള്ളതും ലോകത്തെ ഏറ്റവും വലിയ ടയർ നിർമ്മാണ കമ്പനികളിൽ ഒന്നുമായ ഡൺലപ് കമ്പനി സ്ഥാപിച്ചത് ജോൺ ബോയ്ഡ് ഡൺലപ് ആണ്. 1840 ഫെബ്രുവരി 5-ന് സ്കോട്ട്ലൻഡ്സിലെ അയർഷെയറിൽ ഇദ്ദേഹം ജനിച്ചു. 1867-ൽ ബെൽഫാസ്റ്റിലെത്തി ഒരു മൃഗഡോക്ടറായി സേവനമനുഷ്ഠിച്ചുവരവേ തന്റെ പുത്രൻ കളിക്കാനുപയോഗിക്കുന്ന മുച്ചക്രചവിട്ടുവണ്ടിയുടെ കട്ടറബ്ബർ ചക്രങ്ങൾ സൃഷ്ടിക്കുന്ന കുലുക്കം പരിഹരിക്കുന്നതിനു വേണ്ടിയാണ്, ജോൺ ഡൺലപ് കാറ്റു നിറച്ച റബ്ബർ ചക്രങ്ങൾ (ടയറുകൾ) നിർമിച്ചത്. വ്യാവസായികാടിസ്ഥാനത്തിൽ ടയർ നിർമ്മിക്കുന്നതിനുള്ള കുത്തകാവകാശം ജോൺ ബോയ്ഡ് ഡൺലപിന് 1888-ൽ ബ്രിട്ടിഷ് ഗവൺമെന്റ് നൽകി. 1890-ൽ ഇതിന്റെ നിർമ്മാണവും ആരംഭിച്ചു. 1845-ൽ വില്യം തോംസൺ എന്ന ബ്രിട്ടിഷുകാരന് കാറ്റു നിറച്ച ടയറിന്റെ നിർമ്മാണാവകാശം ലഭിച്ചിരുന്നെങ്കിലും, അത് പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. റബ്ബർ ടയർ നിർമ്മാണ രംഗത്തെ ഒട്ടേറെ കുത്തകാവകാശങ്ങൾ നേടിയെടുത്ത ഡൺലപ് മലയായിലും മറ്റും അനവധി റബ്ബർ തോട്ടങ്ങൾ ആരംഭിച്ചു. ക്രമേണ, ബ്രിട്ടിഷ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ റബ്ബർ തോട്ട ഉടമയായി ഡൺലപ് വളർന്നു. എന്നാൽ പിൽക്കാലത്ത് ഈ തോട്ടങ്ങളിൽ നല്ലൊരു ഭാഗവും മലയൻ (ഇന്നത്തെ മലേഷ്യൻ ) പൗരന്മാർക്കുതന്നെ ഡൺലപ് കമ്പനി വിൽക്കുകയുണ്ടായി. 1980-കളിൽ യൂറോപ്പിലേയും അമേരിക്കയിലേയും പ്രവർത്തനങ്ങളുടെ ഗണ്യമായ ഭാഗവും സഹകമ്പനിയായ ജപ്പാനിലെ സുമിറ്റോമോ റബ്ബർ ഇൻഡസ്ട്രീസിനു ഡൺലപ് കമ്പനി കൈമാറി. 1921 ഒക്ടോബർ 23-ന് അയർലണ്ടിലെ ഡബ്ലിനിൽ ഇദ്ദേഹം നിര്യാതനായി.
2005 ൽ നോർത്തേൺ അയർലൻഡ് പുറത്തിറക്കിയ 10 പൗണ്ട് കറൻസി നോട്ട്. മുൻവശത്ത് (Obverse) ജോൺ ബോയ്ഡ് ഡൺലപിൻ്റെ ഛായാചിത്രവും സൈക്കിളിൻ്റെ ചിത്രവും പിൻവശത്ത് (Reverse) പോർട്ടിക്കോ ഒഫ് ബെൽഫാസ്റ്റ് സിറ്റി ഹാളിൻ്റെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നു.
No comments:
Post a Comment