27/10/2020

19-10-2020- സ്മാരക നാണയങ്ങൾ- കയര്‍ ബോര്‍ഡ് - വജ്രജൂബിലി

       

ഇന്നത്തെ പഠനം
അവതരണം
ഡോ. N.ശ്രീധർ തിരുവനന്തപുരം
വിഷയം
സ്മാരക നാണയങ്ങൾക്ക് പിന്നിൽ
ലക്കം
06

കയര്‍ ബോര്‍ഡ് - വജ്രജൂബിലി

രാജ്യത്താകെ ഏതാണ്ട് ഏഴു ലക്ഷം പേരുടെ ഉപജീവനോപാധിയാണ്  കയർ വ്യവസായം. കയർ ഉപയോഗിച്ച് പലവിധ  ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി 1859 ലാണ് ആലപ്പുഴയിൽ സ്ഥാപിതമായത്. ജെയിംസ് ഡാറ, ഹെൻറി സ്മയിൽ എന്നീ  രണ്ടു വിദേശികളായിരുന്നു അതിനു പിന്നിൽ. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം വിദേശികൾ ഇന്ത്യ വിട്ടതോടെ കയർ വ്യവസായം വികേന്ദ്രീകൃതമായി. കുടിൽ വ്യവസായമായും ചെറുകിട വ്യവസായമായും മാറിയതോടെ കയർ തൊഴിലാളികൾക്ക് പല കോണിൽ നിന്നും ചൂഷണം നേരിടേണ്ടി വന്നു. സേവന വേതന വ്യവസ്ഥകൾ ഉണ്ടാകേണ്ടതും വിപണി കണ്ടെത്തലും കയറ്റുമതിയും എല്ലാം വെല്ലുവിളികളായി മാറിയപ്പോൾ കേന്ദ്രീകൃതമായി ഇതെല്ലാം കോർത്തിണക്കാനും നിയന്ത്രിക്കാനും വേണ്ടി 1953 ൽ കയർ വ്യവസായ നിയമം കൊണ്ടുവന്നു. അതിനെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ ഏകീകരിച്ചു നടത്താൻ വേണ്ടി 1954 ൽ കയർ ബോർഡ് രൂപീകരിക്കുകയും ചെയ്തു. കയറ്റുമതി, ഉൽപാദനം, കുടിൽ വ്യവസായം, ചെറുകിട വ്യവസായം, തൊഴിൽ മേഖല, കയർ ഉൽപാദന സഹകരണ സംഘങ്ങൾ തുടങ്ങി കയറുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും ഇതിന്റെ പ്രയോജനം ലഭിച്ചു. ഇന്ന് കയർ ബോർഡിന്‍റെ  പ്രവർത്തനം 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. 

കയർ ബോർഡിന്റെ സ്തുത്യർഹമായ പ്രവർത്തനങ്ങളുടെ അംഗീകാരമായി രൂപീകൃതമായി 60 വര്‍ഷം പൂർത്തിയാക്കിയ വേളയിൽ, ഭാരതസർക്കാർ 60 രൂപ, 10 രൂപ മുഖവിലയുള്ള നാണയങ്ങൾ നിർമ്മിക്കുകയുണ്ടായി.

നാണയ വിവരണം

 നാണയത്തിന്‍റെ പുറകു വശത്ത് നടുവിൽ ഒരു വൃത്തത്തിനുള്ളിൽ ചകിരി കാണും വിധം ഛേദിച്ച ഒരു നാളികേരവും മുകളിൽ ഇംഗ്ലീഷിൽ "ഡയമണ്ട് ജൂബിലി" താഴെ "1953 - 2013" എന്നിങ്ങനെയും രേഖപ്പെടുത്തിയിരിക്കുന്നു. വൃത്തത്തിനു മുകളിൽ അരികിൽ ഹിന്ദിയിൽ "കയർ ബോർഡ് കേ 60 വർഷ്'' എന്നും താഴെ അരികിലായി ഇംഗ്ലീഷിൽ "60 ഇയേഴ്സ് ഓഫ് കയർ ബോർഡ്" എന്നും ഉണ്ട്. ഏറ്റവും താഴെ "എം" എന്ന  മുംബൈയുടെ മിന്റ് മാർക്കും കാണപ്പെടുന്നു.

സാങ്കേതിക വിവരണം

1 മൂല്യം - 60 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5% & നാകം - 5%, വരകള്‍ (serration) - 200
2 മൂല്യം - 10 രൂപ, ഭാരം - 7.71 ഗ്രാം, വ്യാസം - 27 മില്ലിമീറ്റര്‍, ലോഹം - (ദ്വൈലോഹ നാണയത്തിന്‍റെ പുറം) -  ചെമ്പ് - 92%,  അലൂമിനിയം - 6%, നിക്കൽ - 2%
(അകം) -  ചെമ്പ് - 75%, നിക്കൽ - 25%, നാകം - 5%









No comments:

Post a Comment