ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 04 |
ഗാന്ധജിയുടെ 150ാം ജന്മ വാര്‍ഷികം
1869 ഒക്ടോബർ 2ാം തിയതി പോര്‍ബന്തറിൽ കരംചന്ദ് ഗാന്ധിയുടെയും പുത്ലി ബായിയുടെയും മകനായി ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി ചെറുപ്പം മുതൽ തന്നെ അഹിംസ, സസ്യാഹാരം, നിരാഹാര വ്രതം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കിയാണ് വളർന്നത്. തന്റെ മാതാവിന്റെ അടിയുറച്ച ദൈവവിശ്വാസവും വ്രതങ്ങളും ജീവിതചര്യകളും അദ്ദേഹത്തിൽ ചെലുത്തിയ ഈ സ്വാധീനം പിൽക്കാല ജീവിതത്തിൽ അദ്ദേഹത്തിന് മുതൽക്കൂട്ടായി തീർന്നു. അദ്ദേഹത്തിൻറെ പിതാവ് രാജ്കോട്ട് എന്ന നാട്ടുരാജ്യത്തിലെ ദിവാൻ ആയിരുന്നു. എന്നിരുന്നാലും ആ പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യങ്ങൾ തുലോം പരിമിതമായിരുന്നു. പതിമൂന്നാം വയസ്സിൽ കസ്തൂർബായെ വിവാഹം ചെയ്ത അദ്ദേഹം ബോംബെ യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷ ഒരുവിധത്തിൽ വിജയിച്ചു. അഭിഭാഷകൻ ആകണം എന്ന മോഹം കലശലായി ഉണ്ടായിരുന്നതിനാൽ അതിനായി 1888 ൽ ഇംഗ്ലണ്ടിലേക്ക് പോയി. മദ്യം, മാംസം, മദിരാക്ഷി ഇവ മൂന്നും സ്പർശിക്കില്ലെന്ന് ശപഥം ചെയ്യിച്ചാണ് മാതാവ് പുത്രന് യാത്രാനുമതി നൽകിയത്. കടൽയാത്ര നിഷിദ്ധമാണെന്ന മതാചാരത്തെ ധിക്കരിച്ചു കൊണ്ടു തന്നെ മോഹൻദാസ് ഗാന്ധി തന്റെ ആഗ്രഹം സാധിക്കാൻ യാത്രയായി.
ഇംഗ്ലണ്ടിൽ നിന്നും തിരിച്ചുവന്ന ഗാന്ധിയ്ക്ക് ഉപജീവനം ബാലികേറാമലയായി മാറി. അഭിഭാഷകനായി തിളങ്ങാൻ കഴിയാതെ ഒരു പെറ്റീഷൻ എഴുത്തുകാരനായി മാറിയ മോഹൻദാസിന് അവിടത്തെ ഒരു ബ്രിട്ടീഷ് ഓഫീസറുടെ അപ്രീതി കൂനിൻമേൽ കുരുവായിത്തീർന്നു. അങ്ങനെ വഴിമുട്ടിയ സമയത്ത് സൗത്ത് ആഫ്രിക്കയിൽ ഒരു ജോലി ലഭിച്ചത്, മോഹൻദാസിന്റെ ജീവിതം പൂർണ്ണമായി മാറ്റിമറിക്കാൻ വേണ്ടി, വിധി കാത്തുവച്ച കനിയായി.
ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറി ഗാന്ധിയെ അസ്വസ്ഥനാക്കി. അകാരണ മർദ്ദനങ്ങളും അധിക്ഷേപവും അദ്ദേഹത്തിലെ സുഷുപ്തിയിലാണ്ടിരുന്ന ധിക്കാരിയെ ഉണർത്തി. തനിക്കു നേരെ ഉണ്ടാവുന്ന അനീതികളെ ഒരു മനുഷ്യനെന്ന നിലയിലും ഒരു ഭാരതീയനെന്ന രീതിയിലും നേരിടാൻ അദ്ദേഹം തയ്യാറെടുത്തു.
തന്റെ കരാർ അവസാനിച്ചു മടങ്ങുന്നതിന്റെ യാത്ര അയക്കൽ ചടങ്ങിനിടെ, തങ്ങളുടെ അഭിമാന സംരക്ഷണത്തിനായി പ്രവർത്തിക്കണം എന്ന തദ്ദേശവാസികളായ ഭാരതീയയർ ഉയർത്തിയ അഭ്യർഥന മാനിച്ച് അദ്ദേഹം സൗത്ത് ആഫ്രിക്കയിൽ തുടർന്നു. തന്റെ സത്യഗ്രഹ സമരമുറകൾ ഗാന്ധിജി പരീക്ഷിച്ചത് സൗത്ത് ആഫ്രിക്കയിലായിരുന്നു. അദ്ദേഹത്തിന്റെ ആഹ്വാനമനുസരിച്ച് സമരം നടത്തിയ ഖനി തൊഴിലാളികളെ സൗത്ത് ആഫ്രിക്കൻ ഭരണം ചാട്ടവാറിനടിച്ചതും ചിലരെ തോക്കിനിരയാക്കിയതും അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടു വന്ന് സമാധാന ചർച്ചകൾക്ക് ഭരണകൂടത്തെ നിര്‍ബന്ധിതരാക്കാൻ ഗാന്ധിജിക്ക് സാധിച്ചു.
1914 മദ്ധ്യത്തോടെ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങി. ശ്രീമദ് രാജചന്ദ്ര എന്ന ജൈന തത്വചിന്തകൻ ഗാന്ധിജിയിൽ വലിയ സ്വാധീനം ചെലുത്തി. "അപരിഗ്രഹഃ" (ഒന്നും സ്വന്തമായി കരുതാതിരിക്കുന്ന അവസ്ഥ), "സമഭാവ" (നേട്ടത്തെയും നഷ്ടത്തെയും ഒരുപോലെ കാണുന്ന സ്ഥിതി) എന്നിവ ഇദ്ദേഹത്തിന്റെ പാഠങ്ങളായി ഗാന്ധിജി ഉൾക്കൊണ്ടു. ഭഗവത് ഗീതയും ബൈബിളും ഖുർആനും വായിച്ചു നോക്കിയതിൽ എല്ലാം ഒരേ തത്വം തന്നെയാണ് പറയുന്നത് എന്നും അദ്ദേഹം ഗ്രഹിച്ചു. ഇതിനൊപ്പം അദ്ദേഹത്തിന്‍റെ ജീവിതരീതിയും മാറിമറിഞ്ഞു. നല്ല വരുമാനമുണ്ടായിട്ടും അതെല്ലാം പൊതുപ്രവർത്തനത്തിനാണ് അദ്ദേഹം ഉപയോഗിച്ചത്. സ്വന്തം ഗ്രഹം അനുയായികളുടെ വാസത്തിനായി അദ്ദേഹം എപ്പോഴും തുറന്നു വച്ചു. കസ്തുർബായുടെ ക്ഷമാപൂർവ്വമായ നിസ്സീമ സഹകരണം ഗാന്ധിജിയുടെ പ്രവർത്തനങ്ങളിൽ എന്നും പ്രധാന തുണയായി. (സ്വന്തം വിയർപ്പിന്റെ ഫലത്തിൽ മാത്രം ജീവിക്കാൻ ആഗ്രഹിച്ച്, ജോൺ റസ്കിന്റെ ഫീനിക്സ് ആശ്രമം മാതൃകയാക്കി ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചിരുന്നു). ഭാരതത്തിൽ സബർമതി, സേവാഗ്രാം ആശ്രമങ്ങളുടെ അടിസ്ഥാനവും ഇതേ ആശയം തന്നെ. ആഢംബരങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാ കാര്യങ്ങളും സ്വയം ചെയ്ത് ലളിതമായി ജീവിക്കാൻ സ്വജീവിതം ഉദാഹരണമാക്കി അദ്ദേഹം ആഹ്വാനം ചെയ്തു.
തിരിച്ചു വരവിനു ശേഷം മിതമായി രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്ന ഗാന്ധിജിക്ക്, റൗലത് ആക്ടിനോട് ബന്ധപ്പെട്ട ലഹളകളും ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയും കണ്ട് വെറുതെയിരിക്കാൻ കഴിഞ്ഞില്ല. സജീവമായി രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ട് 1920 മുതൽ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം പ്രചരിപ്പിച്ചു. 1922 ൽ ചൗരി ചൗരാ സംഭവം അദ്ദേഹത്തെ മാനസികമായി ഖിന്നനാക്കി. അക്കാലത്ത് രണ്ടു വർഷം അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ ജയിലിൽ അടച്ചു. 1924 ൽ ജയിൽ മോചിതനായെങ്കിലും ഹിന്ദു - മുസ്ലിം ഐക്യത്തിനേറ്റ ബലക്ഷയം ഗാന്ധിജിക്ക് അസഹനീയമായി മാറി. ഇതിനെല്ലാം മുകളിൽ കോൺഗ്രസിൽ ഉണ്ടായ പിളർപ്പു നിമിത്തം ദേശബന്ധുവും, മോത്തിലാലും ഒരു ചേരിയിലും സർദാർ വല്ലഭഭായി ഝവേർഭായ് പട്ടേലും, സി.രാജഗോപാലാചാരിയും മറുചേരിയിലും അണിനിരന്നതും പ്രവർത്തനങ്ങളിൽ മാന്ദ്യം പടർത്തി. 1925 ൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. 1928 ല്‍ സൈമൺ കമ്മീഷൻ നിയമിതമായപ്പോൾ അതിന്റെ ഘടനക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ഒരു വർഷത്തിനുള്ളിൽ ബ്രിട്ടീഷ് നിയന്ത്രണം ഉള്ള സ്വതന്ത്ര രാഷ്ട്ര പദവി (Domain) നൽകിയില്ലെങ്കിൽ പൂർണ്ണസ്വരാജ് എന്ന ആവശ്യം ശക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉപ്പു നികുതി ചുമത്തിയതിനെതിരെ നടത്തിയ "ദണ്ഡി യാത്ര" അദ്ദേഹത്തെ സർവ്വ സമ്മതനാക്കി. ഇതിൽ പരിഭ്രാന്തരായ ബ്രിട്ടീഷുകാർ വട്ടമേശസമ്മേളനം വഴി സമരങ്ങളെ തണുപ്പിക്കാൻ ശ്രമമാരംഭിച്ചു. തുടർന്ന് വട്ടമേശ സമ്മേളങ്ങളിൽ ഗാന്ധിജി ഇന്ത്യയെ പ്രതിനിധാനം ചെയ്തു. വട്ടമേശ സമ്മേളനങ്ങൾ പ്രഹസനമാണെന്ന് തിരിച്ചറിഞ്ഞതോടെ മൂന്നാം സമ്മേളനത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. ദളിതർക്കും മറ്റുള്ളവർക്കും പ്രത്യേകം വോട്ടവകാശം നൽകാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരെ ദളിതരെ 'ദൈവത്തിന്റെ മക്കൾ' എന്ന് വിളിച്ചുകൊണ്ട് അദ്ദേഹം പോരാടി. 1934 ൽ കോൺഗ്രസ്സ് വിട്ടുപോയെങ്കിലും താമസിയാതെ ഗാന്ധിജി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി.
ബ്രിട്ടീഷുകാരെ സാമ്പത്തികമായി തകർക്കാതെ സ്വാതന്ത്ര്യം അപ്രാപ്യമാണെന്ന് ഗാന്ധിജി മനസ്സിലാക്കി. നികുതികൾ നൽകാതെയും നമുക്ക് വേണ്ട വസ്ത്രങ്ങൾ സ്വയം നിർമ്മിച്ചും ബ്രിട്ടീഷുകാരുടെ കൊള്ളയടിയോട് പ്രതികരിക്കാൻ ഭാരതത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ബ്രിട്ടീഷുകാരെ യുദ്ധത്തിൽ സഹായിച്ച് ഒരു ബ്രിട്ടീഷ് ഡൊമയ്ൻ എന്ന നിലയിലെ സ്വാതന്ത്ര്യം നേടാമെന്ന് വാദിച്ച കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളെ അവഗണിച്ച് "ക്വിറ്റ് ഇന്ത്യ" പ്രസ്ഥാനത്തിലൂടെ ഇന്ത്യ വിട്ടു പോകാൻ ബ്രിട്ടീഷുകാരോട് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം സമ്മാനിച്ച സാമ്പത്തിക തകർച്ചയും ഇന്ത്യയിലെ വരുമാനനഷ്ടവും ബ്രിട്ടീഷ് സാമ്പത്തിക സ്ഥിതിയുടെ അടിത്തറയിളക്കി.
1945 ലെ ലേബർ പാർട്ടിയുടെ വിജയം ബ്രിട്ടീഷ് നയങ്ങളിൽ സമൂലപരിവർത്തനം കൊണ്ടുവന്നു. സൈമൺ കമ്മീഷൻ അംഗമായിരുന്ന ക്ലെമന്റ് ആറ്റ്ലി ബ്രിട്ടനിൽ പ്രധാനമന്ത്രി ആയതോടെ അസാധാരണ വേഗത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാർഥ്യമായി. എന്നാൽ ഇന്ത്യയുടെ വിഭജനം ഗാന്ധിജിയെ വേദനിപ്പിച്ചു. സാമുദായിക സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഗാന്ധിജി നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തെ രണ്ടു വിഭാഗങ്ങളിലെയും മതഭ്രാന്തന്മാർക്ക് അനഭിമതനാക്കി. 1948 ജനുവരി 30 ന് ഒരു ഹിന്ദുമതഭ്രാന്തൻ അദ്ദേഹത്തെ വധിച്ചു.
എങ്കിലും ദൃഢ നിശ്ചയത്തിന്റെയും നിർഭയ കർമ്മ നിരതയുടെയും മനുഷ്യ സ്നേഹത്തിന്റെയും ആ ജ്വാല ലോകത്തിനാകമാനം പ്രകാശം ചൊരിഞ്ഞുകൊണ്ട് എന്നും നമ്മുടെ സ്മൃതികളിൽ നിറയും.
2019 ൽ ഒരുവർഷം മുഴുവൻ രാജ്യം മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മവാർഷികം ആചരിച്ചു. അതിന്റെ ഭാഗമായി 150 രൂപയുടെ ഒരു സ്മാരക നാണയവും നിർമ്മിക്കുകയുണ്ടായി.
നാണയ വിവരണം
വടിയൂന്നി നടന്നു നീങ്ങുന്ന മഹാത്മജിയും, ചർക്കയും നടുവിൽ മുദ്രയിട്ടിട്ടുള്ള ഇതിൽ വടിയും ചർക്കയുടെ വലിയ ചക്രവും യഥാക്രമം "1'', "0" എന്ന രീതിയിൽ നടുവിൽ ഒരു "5" കൂടി ചേർത്ത് "150'' എന്ന് വായിക്കാൻ കഴിയും വിധം മുദ്രണം ചെയ്തിരിക്കുന്നു. അത് കൂടെ ചേർത്ത് "150 ഇയേഴ്സ് ഓഫ് സെലിബ്രേറ്റിങ് ദി മഹാത്മാ" എന്ന് താഴെ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നു. ചിത്രത്തിനു മുകളിൽ "1869 - 2019" എന്നും, അതിനും മുകളിൽ "മഹാത്മാ ഗാന്ധി കീ 150 വീം ജയന്തി" എന്ന് ഹിന്ദി എഴുത്തും ഏറ്റവും മുകളിൽ അരികിലായി "150 യത് ബർത്ത് ആനിവേഴ്സറി ഓഫ് മഹാത്മാ ഗാന്ധി" എന്ന് ഇംഗ്ലീഷ് എഴുത്തും ചേർത്തിരിക്കുന്നു.
സാങ്കേതിക വിവരണം
മൂല്യം -150 രൂപ, ഭാരം - 40 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 99.9%, വരകള്‍ (seration) - 200
★ സ്വതന്ത്ര ഭാരതത്തിലെ പൂർണ്ണമായും വെള്ളിയിൽ നിർമ്മിതമായ ആദ്യ നാണയമാണിത്.
No comments:
Post a Comment