27/10/2020

22-10-2020- ചിത്രത്തിനു പിന്നിലെ ചരിത്രം(52) - ബലരാമനും കൃഷ്ണനും അഗതോക്ലിസിന്റെ നാണയങ്ങളിൽ

     

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
52

 ബലരാമനും കൃഷ്ണനും അഗതോക്ലിസിന്റെ നാണയങ്ങളിൽ 

ബി.സി.ഇ 190 - 180 കാലഘട്ടത്തിൽ ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ മേഖലയിലെ ബാക്ട്രിയ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഒരു ഇന്തോ-ഗ്രീക്ക് രാജാവായിരുന്നു അഗതോക്ലിസ്. നാണനീയവിജ്ഞാനത്തില്‍ പല നൂതനത്വങ്ങളും അവതരിപ്പിച്ച ഭരണകര്‍ത്താവിരുന്നു അഗതോക്ലിസ്. ഗ്രീക്കിലും ബ്രാഹ്മി അല്ലെങ്കിൽ ഖരോഷ്ടിയിലുമുള്ള അക്ഷരങ്ങള്‍ മുദ്രണം ചെയ്ത നാണയങ്ങള്‍ ഇന്ത്യൻ അളവുവ്യവസ്ഥയനുസരിച്ച് നിർമ്മിച്ചവയായിരുന്നു. പ്രാചീനലോകത്ത് കോപ്പർ-നിക്കൽ നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയ ഭരണാധികാരികളില്‍ ഒരാളാണ് അഗതോക്ലിസ്. അദ്ദേഹം പുറത്തിറക്കിയ നാണയശ്രേണിയില്‍ വിവിധ പ്രാദേശിക ആരാധനാമൂര്‍ത്തികളുടെ രൂപങ്ങള്‍‍ രേഖാചിത്രണം ചെയ്തിരിക്കുന്നത് കാണാം.

1970 ൽ അഫ്ഘാനിസ്ഥാനിലെ അയ്-ഖാനൂമിൽ നിന്ന് കണ്ടെത്തിയ ആറു വെള്ളിനാണയങ്ങളില്‍ ഉള്‍പ്പെട്ടവയാണ് പോസ്റ്റിലെ ചിത്രത്തില്‍ കാണുന്ന നാണയങ്ങൾ. പൗരസ്ത്യദേശങ്ങളില്‍ വെച്ച് ഏറ്റവുമധികം ഗ്രീക്ക് പുരാവസ്തുക്കൾ ലഭിച്ച ഒരു പ്രദേശമാണ് ഗ്രീക്കോ -ബാക്ട്രിയൻ സാമ്രാജ്യകാലത്തെ പ്രധാനനഗരമായിരുന്ന അയ്-ഖാനൂം. ക്രമരഹിത ചരുതാകൃതിയിലുള്ള ഈ വെള്ളിനാണയങ്ങളുടെ ഭാരം (2.3 - 3.3 gm) പ്രാചീന ഇന്ത്യന്‍ പഞ്ച്-മാര്‍ക്ഡ് നാണയങ്ങളായ കാര്‍ഷപണത്തിന്റേതിന് ഏതാണ്ട് സമാനമാണ്.

വൃഷ്ണി വീരന്മാര്‍ എന്നറിയപ്പെട്ട സംകര്‍ഷണ-ബലരാമന്റെയും വാസുദേവ-കൃഷ്ണന്റെയും രൂപങ്ങളാണ് നാണയങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നത്. നാണയത്തിന്റെ ഒരു വശത്ത് വലത് കയ്യില്‍ ഗദയും ഇടത് കയ്യില്‍ കലപ്പയോടും കൂടി ബലരാമനേയും മറുവശത്ത് വലത് കയ്യില്‍ ശംഖും ഇടത് കയ്യില്‍ ചക്രത്തോടും കൂടി കൃഷ്ണനേയും ചിത്രീകരിച്ചിരിക്കുന്നു. ബലരാമന്റെ വശത്ത് തിരശ്ചീനമായി "Basileōs Agathokleous" എന്ന് ഗ്രീക്കിലും കൃഷ്ണന്റെ വശത്ത് "രാജാനേ അഗതുക്ലേയേസ" എന്ന് ബ്രാഹ്മിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

മഥുരാ ശില്പങ്ങളില്‍ കാണുന്ന ശിരോഛത്രത്തിന്റെ വികലാനുകരണമാണ് മൂര്‍ത്തികളുടെ തലയ്ക്ക് മുകളില്‍ അര്‍ധചന്ദ്രാകൃതിയില്‍ കാണുന്നത്. അതിനാല്‍ നാണയങ്ങളിലെ ആലേഖനങ്ങൾ മുമ്പേ നിലവിലുണ്ടായിരുന്ന ബലരാമ-കൃഷ്ണന്മാരുടെ ശില്പങ്ങളോ ചിത്രങ്ങളോ ആധാരമാക്കിയതാവാമെന്ന് ഗവേഷകര്‍ കരുതുന്നു. ഈ നാണയങ്ങളിലെ ചിത്രീകരണശൈലി ഗ്രീക്ക് നാണയങ്ങളിൽ ദേവതകളെ ചിത്രീകരിക്കുന്ന പൊതുരീതിയില്‍നിന്ന് ഭിന്നമാണ്. ഭാർഹൂതിലേയും മറ്റും സ്തൂപങ്ങളിലെപ്പോലെയുള്ള കാൽപ്പാദങ്ങളുടെ ചിത്രീകരണമാണ് ഈ നാണയങ്ങളിൽ കാണപ്പെടുന്നത്. ഈ കാരണങ്ങളാൽ നാണയങ്ങളിലെ കൊത്തുപണികൾ ഇന്ത്യൻ കലാകാരന്മാരുടേയാണെന്നു കരുതുന്നു.

അയ്-ഖാനൂമിൽ നിന്നുള്ള ഈ നാണയങ്ങള്‍ പുരാതന ഇന്ത്യയിലെ‍ വൈഷ്ണവ വിശ്വാസധാരയുടെ പരിണാമം പഠിക്കുന്നതിന് മാര്‍ഗദര്‍ശകങ്ങളാണ്. പല നിലയ്ക്കും ഈ നാണയങ്ങൾ വളരെ പ്രധാനമാണ്. ഒന്നാമതായി, ഈ തെളിവുരൂപങ്ങള്‍ കൃത്യമായ കാലഗണനയുള്ളതാണ്. അഗതോക്ലിസിന്റെ വാഴ്ചയുടെ കാലം കൃത്യതയോടെ രേഖപ്പെടുത്താം. രണ്ടാമതായി, ഐക്കണോഗ്രാഫിക് വിശദാംശങ്ങൾകൊണ്ട് രണ്ട് മൂര്‍ത്തികളെയും വ്യക്തമായി തിരിച്ചറിയാൻ സഹായിക്കും, ഇതിനുമുമ്പ് പ്രചാരത്തിലുണ്ടായിരുന്ന പഞ്ച്-മാര്‍ക്ഡ് നാണയങ്ങളിലെ രൂപങ്ങള്‍ മിക്കതും അവ്യക്തമായിരുന്നു. മൂന്നാമതായി, വൃഷ്ണി വീരന്മാരുടെ ആരാധനാരീതി ഉത്ഭവിച്ച മഥുര മേഖലയ്ക്കപ്പുറത്തേക്കും ഈ ദേവന്മാരുടെ ആരാധന വ്യാപിച്ചിരുന്നു എന്ന് ഈ നാണയങ്ങൾ സൂചിപ്പിക്കുന്നു. മൂര്‍ത്തികള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം ഇന്ത്യന്‍ ശൈലിയിലാണെങ്കിലും വാളുറ, പാദുകം എന്നിവയില്‍ ഗ്രീക്ക് സ്വാധീനം കാണാം. ഒടുവിലായി, ഈ ദേവന്മാർ ഒരു ഇന്തോ-ഗ്രീക്ക് രാജാവിന്റെ നാണയങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് ഈ ആരാധനാക്രമത്തിന് രാജകീയ പരിഗണന ലഭിച്ചിരുന്നു, സമൂഹത്തില്‍ അവരുടെ ആരാധനാരീതികൾ അത്രമേല്‍ പ്രധാനമായിരുന്നു എന്നാണ്.

ഗില്‍ജിത്ത്-ബാള്‍ട്ടിസ്ഥാനിലെ ചിലാസിലുള്ള സി. ഇ. ഒന്നാം നൂറ്റാണ്ടിലേതെന്നു കരുതുന്ന പാറച്ചിത്രങ്ങളില്‍ സമാനമായ രൂപങ്ങള്‍ കാണാം. കുഷാന കാലഘട്ടത്തിലെ ഈ ചിത്രങ്ങള്‍ ബലരാമ-കൃഷ്ണന്മാരുടേത് തന്നെയെന്നു സമീപത്തെ ഖരോഷ്ടി ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

മഥുരയിൽ ബി.സി.ഇ നാലാം നൂറ്റാണ്ട് മുതലെങ്കിലും വൃഷ്ണി വീരന്മാരുടെ ആരാധന ഒരു സ്വതന്ത്ര ആരാധനാസമ്പ്രദായമായി നിലവിലുണ്ടായിരുന്നു. വൃഷ്ണി ഗോത്രത്തിലെ ഇതിഹാസ നായകന്മാരായ അഞ്ചുപേര്‍- സംകര്‍ഷണന്‍, വാസുദേവന്‍, പ്രദ്യുംനന്‍, അനിരുദ്ധന്‍, സാംബ എന്നിവരാണ് വൃഷ്ണി വീരന്മാര്‍ എന്നറിയപ്പെട്ടത്. പൊതുവര്‍ഷത്തിന്റെ ആരംഭത്തോടെ ഈ ആരാധനാസമ്പ്രദായം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിച്ചതായി എപ്പിഗ്രാഫിക്കൽ തെളിവുകൾ സൂചിപ്പിക്കുന്നു. ബി.സി.ഇ 113ല്‍ വിദിശയില്‍ സ്ഥാപിക്കപ്പെട്ട ഹീലിയോഡോറസ് സ്തംഭത്തില്‍ വാസുദേവ-കൃഷ്ണനെ ദേവാധിദേവന്‍ എന്നും മറ്റും വിശേഷിപ്പിച്ചിരിക്കുന്നതു കാണാം. ഭാഗവതിസം എന്നറിയപ്പെടുന്ന ഈ ആരാധനാസമ്പ്രദായം വാസുദേവ-കൃഷ്ണ ആരാധനയെ കേന്ദ്രീകരിച്ചായിരുന്നു. സി.ഇ. നാലാം നൂറ്റാണ്ടോടെ അത് ക്രമേണ വൈഷ്ണവതയുമായി കൂട്ടിച്ചേർക്കപ്പെട്ടു, വാസുദേവ-കൃഷ്ണന്‍ വിഷ്ണുവിന്റെ അവതാരമായി പരിണമിച്ചു.




No comments:

Post a Comment