ഇന്നത്തെ പഠനം | |
അവതരണം | ഡോ. N.ശ്രീധർ തിരുവനന്തപുരം |
വിഷയം | സ്മാരക നാണയങ്ങൾക്ക് പിന്നിൽ |
ലക്കം | 07 |
അന്തര്‍ദ്ദേശീയ തൊഴില്‍ സംഘടന - പ്ലാറ്റിനം ജൂബിലി
അന്തർദേശീയ തൊഴിൽ മാനദണ്ഡങ്ങൾ വഴി തൊഴിലാളികൾക്ക് സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ ഒരു പ്രത്യേക ഏജൻസി ആണ് I L O എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ. ലീഗ് ഓഫ് നേഷൻസിനു കീഴിൽ 1919 ൽ രൂപീകൃതമായ ഈ സംഘടനയിൽ ഇപ്പോൾ 187 അംഗങ്ങളുണ്ട്. ഇന്ത്യ, ഇതിന്റെ ഭരണസമിതിയിലെ ഒരു സ്ഥിര അംഗമാണ്. സ്വിറ്റസർലണ്ടിലെ ജനീവയിലാണ് ILO യുടെ ആസ്ഥാനം.
ഇന്റർനാഷണൽ ലേബർ കോൺഫറൻസ് എന്ന വാർഷിക യോഗങ്ങളിൽ നയപരമായി കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കനുസരിച്ച് തൊഴിൽ മാനദണ്ഡങ്ങളിൽ വ്യതിയാനങ്ങൾ നിർദ്ദേശിക്കാൻ ILO യ്ക്ക് അധികാരമുണ്ട്. അന്താരാഷ്ട്ര സാഹോദര്യവും സമാധാനവും മെച്ചപ്പെടുത്താനും തൊഴിലാളികളുടെ തൊഴിൽ പരമായ അന്തസ്സും നീതിയും നിലനിർത്താനും ILO നൽകിയിട്ടുള്ള സേവനങ്ങളെ മുൻനിർത്തി 1969 ൽ നോബൽ സമ്മാനം നല്‍കപ്പെടുകയുണ്ടായി.
ലോക തൊഴിലാളി ദിനമായ മെയ് ഒന്നാം തിയതി ILO യുടെ മേൽനോട്ടത്തിൽ ബാലവേല, കുറഞ്ഞ കൂലി സംബന്ധിച്ച നിയമങ്ങൾ, നിർബന്ധിതമായ തൊഴിൽ ചെയ്യിക്കൽ തുടങ്ങിയ വിഷയങ്ങളെ മുൻ നിർത്തി ലോകമെമ്പാടും പ്രകടനങ്ങൾ നടക്കാറുണ്ട്.
ഇന്ത്യയിൽ ILO യുടെ പ്രധാന ലക്ഷ്യങ്ങൾ തൊഴിൽപരമായുള്ള സ്വാതന്ത്ര്യം, തുല്യത (പ്രത്യേകിച്ച് വേതനത്തിലെ സ്ത്രീ - പുരുഷ സമത്വം), സുരക്ഷിതത്വം, മാന്യത എന്നിവയാണ്. 11ാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന “ഒന്നിച്ചുള്ള വളർച്ച”, “ത്വരിതമായ വളർച്ച” തുടങ്ങി, സ്ഥായിയായ വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളിൽ തൊഴിലാളികൾക്ക് അർഹമായ അവസരങ്ങളും ലിംഗസമത്വവും ഉറപ്പാക്കാൻ ILO ലക്ഷ്യമിടുന്നു.
1994 ൽ ILO വിഷയമാക്കി 100, 50, 5 രൂപ സ്മാരകനാണയങ്ങൾ ഇന്ത്യ പുറത്തിറക്കുകയുണ്ടായി.
നാണയ വിവരണം
മുഖവശത്ത് ദേശീയ ചിഹ്നവും താഴെ അരികു ചേർന്ന് മൂല്യവും മുദ്രണം ചെയ്തിരിക്കുന്നു. ഇടത്തുവശത്തായി മുകളിൽ "ഭാരത്" എന്നും താഴെ "രൂപയെ" എന്നും ഹിന്ദിയിൽ എഴുതിയിട്ടുണ്ട്. വലതുവശത്ത് അരികിൽ മുകളിൽ "ഇന്ത്യ" എന്നും താഴെ "റുപ്പീസ്" എന്നും ഇംഗ്ലീഷിൽ ഉണ്ട്.
സാങ്കേതിക വിവരണം
1 മൂല്യം - 100 രൂപ, ഭാരം - 35 ഗ്രാം, വ്യാസം - 44 മില്ലിമീറ്റര്‍, ലോഹം - വെള്ളി - 50%, ചെമ്പ് - 40%, നിക്കൽ - 5%, നാകം - 5% വരകള്‍ (serration) - 200
2 മൂല്യം - 50 രൂപ,ഭാരം - 30 ഗ്രാം, വ്യാസം - 39 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 180
3 മൂല്യം - 5 രൂപ, ഭാരം - 9 ഗ്രാം, വ്യാസം - 23 മില്ലിമീറ്റര്‍, ലോഹം - ചെമ്പ് - 75%, നിക്കൽ - 25%, വരകള്‍ (serration) - 100
No comments:
Post a Comment