ഇന്നത്തെ പഠനം | |
അവതരണം | ഹനീസ് M. കിളിമാനൂർ |
വിഷയം | കറൻസിയിലെ വ്യക്തികൾ |
ലക്കം | 81 |
ഹോമർ (Homer)
പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമർ. ലോകപ്രശസ്തമായ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. ഹോമറിന്റെ ജനനമരണങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ബി.സി ഒമ്പതാം നൂറ്റാണ്ടിലാണ് ഹോമർ ജീവിച്ചിരുന്നതെന്നു പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് പറയുന്നു. ബി.സി. എട്ട്,ഒമ്പത് നൂറ്റാണ്ടുകളിലേതെങ്കിലുമാവും ഹോമർ ജീവിച്ചതും ഇലിയഡും ഒഡീസ്സിയും സൃഷ്ടിച്ചതെന്നുമാണ് ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഗ്രീക്ക് സംസ്കാരത്തെ രൂപപ്പെടുത്തുന്നതിൽ ഹോമറിന്റെ ഇതിഹാസങ്ങൾ വഹിച്ച പങ്ക് പ്രധാനമാണ്. ഇദ്ദേഹത്തെ ഗ്രീസിന്റെ അദ്ധ്യാപകൻ എന്ന് വിശേഷിപ്പിക്കാറുണ്ട്.
ആരാണ് ഹോമർ എന്നതിനെപ്പറ്റിയുണ്ട് പല കഥകൾ. ബാബിലോണിയക്കാരനായ ടൈഗ്രനസ് ആണ് ഹോമർ എന്നും ഗ്രീക്കുകാർ യുദ്ധത്തിൽ തടവുകാരനാക്കിക്കൊണ്ടുവന്ന ടൈഗ്രനസ്, ഹോമർ എന്ന പേരു സ്വീകരിക്കുകയായിരുന്നു എന്നാണ് ഒരു കഥ. റോമാ സാമ്രാജ്യത്തിന്റെചക്രവർത്തിയായിരുന്ന ഹഡ്രിയൻ, ഹോമർ ആരാണെന്നറിയാൻ ഒരിക്കൽ ഡെൽഫിയിലെ പ്രവാചകയെ സമീപിച്ചുവത്രെ. അപ്പോൾ കിട്ടിയ ഉത്തരം ഒഡീസ്യുസിന്റെ മകൻ ടെലിമാക്കസിന്റേയും എപ്പിക്കസ്തെയുടേയും മകനാണ് ഹോമറെന്നാണ്. ഏഷ്യാമൈനറിലെ (ഇന്നത്തെതുർക്കി)അയോണിയൻ മേഖലയിലുള്ള സ്മിർണയിലോ ചിയോസ് ദ്വീപിലോ ആണു ഹോമർ ജനിച്ചതെന്ന് മറ്റോരു കഥ . ഇയോസ് ദ്വീപിൽ വെച്ച് ഹോമർ മരിച്ചുവത്രെ. ഈ പ്രദേശങ്ങളുടെ വിശദചിത്രം ഹോമർ തന്റെ ഇതിഹാസകാവ്യങ്ങളിൽ അവതരിപ്പിക്കുന്നതുകൊണ്ട് ഈ കഥക്ക് വിശ്വാസ്യത നേടാൻ കഴിഞിട്ടുണ്ട്. ഹൊമേറിയോ എന്ന ക്രിയാപദത്തിന് പാട്ടുകൾ കൂട്ടിയിണക്കുന്നവൻ എന്നും അർത്ഥമുണ്ട്. അതുകൊണ്ട് ഹോമർ ഗാനങ്ങൾ ഈണത്തിൽ പാടിയിരുന്നയാളായിരുന്നുവെന്നാണു മറ്റോരു വാദം. ഇലിയഡും ഒഡീസ്സിയും വാമൊഴി ഗാനങ്ങളായി പ്രചരിച്ചിരുന്നതുകൊണ്ട് ഈ വാദവും തള്ളിക്കളയാൻ വയ്യ.
ഗ്രീസ് 1917 ൽ പുറത്തിറക്കിയ 1 ഡ്രാക്മ കാൻസി നോട്ട്.
മുൻവശം (Obverse): ഹോമറിൻ്റെ ഛായാചിത്രം.
പിൻവശം (Reverse): രാജകീയ മുദ്ര (Coat of arms) ചിത്രീകരിച്ചിരിക്കുന്നു.