27/12/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ - റിപ്പബ്ലിക്ക് ഓഫ് അര്‍മേനിയ

   

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
08

റിപ്പബ്ലിക്ക് ഓഫ് അര്‍മേനിയ

തെക്ക് പടിഞ്ഞാറന്‍ ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വത പ്രദേശങ്ങള്‍ നിറഞ്ഞ രാജ്യം. Yerevan തലസ്ഥാനമായ രാജ്യത്ത് 90%  അര്‍മേനിയന്‍ വംശജരും, 3% അസര്‍ബൈജാന്‍ വംശജരും, 2% റഷ്യന്‍ വംശജരും, 2% കുര്‍ദ്ദുകളും അധിവസിക്കുന്നു. ഔദ്യോഗിക ഭാഷയായ അര്‍മേനിയനൊപ്പം അസര്‍ബൈജാനി, റഷ്യന്‍ ഭാഷകളും ഉപയോഗിക്കുന്നു. ജനങ്ങളില്‍ 94% പേരും അര്‍മേനിയര്‍ ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍. ഔദ്യോഗിക കറന്‍സിയായ ദ്രാം (Dram) 100 ല്യൂമ (Luma) ആയി വിഭജിച്ചിരിക്കുന്നു.

രാജ്യചരിത്രം

താമ്രകാലഘട്ടം മുതല്‍ ഈ പ്രദേശത്ത് ജനവാസം ഉണ്ടായിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന ഇവിടെയ്ക്ക്  BC ആറാം നൂറ്റാണ്ടില്‍ അര്‍മേനിയന്‍ വംശജര്‍ കുടിയേറി. ടിഗ്രാനസ് രണ്ടാമന്‍ രാജാവിന്‍റെ കീഴില്‍ BC 94 - 56 കാലത്ത് അര്‍മേനിയ അധികാരത്തിന്‍റെ ഉന്നതിയില്‍ എത്തി. സെലൂക്യരെ കീഴടക്കി വിശാല അര്‍മേനിയ സ്ഥാപിച്ചു. AD 300 ല്‍ St. Gregory 'the illuminator' റുടെ പ്രേരണയില്‍ അര്‍മേനിയ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍, 390 ല്‍ അര്‍മേനിയ, പേര്‍ഷ്യന്‍ / റോമന്‍ സ്വാധീനത്തിലുള്ള രണ്ട് മേഖലകളായി. പേര്‍ഷ്യന്‍ സസാനിഡുകളുടെ പിന്തുടര്‍ച്ച നേടിയ അറബ് വംശജര്‍ 653 ല്‍ അര്‍മേനിയന്‍ ഭരണാധികാരികളെ ഒരു ഉടമ്പടിയില്‍ ഒപ്പ് വയ്പ്പിച്ചു. ഭരണം തുടര്‍ന്ന Bagratid രാജാവ്  Ashot അഞ്ചാമന്‍, 862 ല്‍ ബാഗ്ദാദിന്‍റെയും കോണ്‍സ്റ്റാന്‍റിനോപ്പിളിന്‍റെയും അംഗീകാരത്തോടു കൂടി ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു. ഈ രാജവംശം  1045 വരെ ഭരണം തുടര്‍ന്നു.

സെല്‍ജൂക്കുകള്‍ കീഴടക്കി കുര്‍ദ്ദിസ്ഥാനോടു ചേര്‍ത്ത അര്‍മേനിയ 13ാം നൂറ്റാണ്ടില്‍ മംഗോളിയര്‍ കീഴടക്കിയെങ്കിലും 1375 വരെ വളരെ ചെറിയ ഒരു അര്‍മേനിയന്‍ സ്വതന്ത്രരാജ്യം നിലനിന്നിരുന്നു. 1516 ല്‍ ഓട്ടോമാന്‍ തുര്‍ക്കികളുടെ അധീനതയിലായ അര്‍മേനിയയില്‍ കുര്‍ദ് വംശജര്‍ കുടിയേറി പാര്‍ത്തു തുടങ്ങി. വീണ്ടും പേര്‍ഷ്യന്‍ അധീനതയിലായ അര്‍മേനിയയിലെ തദ്ദേശിയരെ 1605 ല്‍ ഇന്‍ഡ്യന്‍ അതിര്‍ത്തി വരെ എത്തിച്ച് സമ്പന്നമായ കോളനികള്‍ സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന ഓട്ടോമാന്‍ - പേര്‍ഷ്യന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കികള്‍ മേല്‍കൈ നേടി. ഓട്ടോമാന്‍ ഭരണത്തിന്‍ കീഴില്‍ അര്‍മേനിയന്‍ പ്രദേശത്ത് ഒരു ക്രിസ്റ്റ്യന്‍ ബിഷപ്പിന്‍റെ അധീനതയില്‍ തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും തുടരാന്‍ അനുവാദം നല്‍കി.

1801 ല്‍ റഷ്യ കയ്യടക്കിയ അര്‍മേനിയ, 1878 ലെ റഷ്യ - തുര്‍ക്കി യുദ്ധത്തെ തുടന്നുള്ള ബ്രിട്ടീഷ് ഇടപെടലില്‍ ഓട്ടോമാന്‍ തുര്‍ക്കിയോടൊപ്പം നിലയുറപ്പിച്ചു. റഷ്യന്‍ അനുഭാവം കാട്ടിയ മൂന്നില്‍ രണ്ടു ഭാഗം അര്‍മേനിയക്കാരെ 1915 ല്‍ സിറിയയിലേക്കും പാലസ്റ്റീനിലേക്കും നാടുകടത്തി. അതില്‍ പകുതിയോളം പേര്‍ വഴിമധ്യേ മരണപ്പെട്ടു. 1916 ല്‍ സാറിസ്റ്റ് റഷ്യ കയ്യടക്കിയ അര്‍മേനിയ 1917 ല്‍ അസര്‍ബൈജാന്‍, ജോര്‍ജ്ജിയ എന്നിവയോടു ചേര്‍ന്ന് ബോള്‍ഷെവിക് വിരുദ്ധ Transcaucasian Federation ല്‍ അംഗമായി. 1918 ല്‍ ഈ കൂട്ടായ്മ പിരിച്ചു വിട്ടു. അല്പകാലം സ്വതന്ത്രമായി നിന്ന അര്‍മേനിയയെ 1920 ല്‍ ചെമ്പട കീഴടക്കി, 1921 ഏപ്രില്‍ 25 ന്  സോവിയറ്റ് യൂണിനോടു കൂട്ടിച്ചേര്‍ത്തു. 1936 ഡിസംബര്‍ 5ന് സോവിയറ്റ് യൂണിയനിലെ ഒരു ഘടക റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. 1991 ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടു കൂടി, സെപ്റ്റംബര്‍ 21ന് അര്‍മേനിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


റിപ്പബ്ലിക്ക് ഓഫ് അര്‍മേനിയയുടെ 1994 ലെ ആദ്യ സീരീസിലുള്ള നാണയങ്ങള്‍

2003 - 2004 ലെ രണ്ടാം സീരീസിലുള്ള നാണയങ്ങള്‍



No comments:

Post a Comment