01/12/2021

സ്റ്റാമ്പിലെ വിശേഷങ്ങൾ - കുറവുകളെ നിറവുകളാക്കിയ പ്രതിഭ

     

ഇന്നത്തെ പഠനം
അവതരണം
നിഷാദ് കാക്കനാട്‌
വിഷയം
സ്റ്റാമ്പിലെ വിശേഷങ്ങൾ
ലക്കം
71

കുറവുകളെ നിറവുകളാക്കിയ പ്രതിഭ

റൊവാൻ ആറ്റ്കിൻസൺ (Rowan Atkinson) എന്ന പേര് ഏവർക്കും അത്ര സുപരിചിതം ആകണമെന്നില്ല. എന്നാൽ അദ്ദേഹം അവതരിപ്പിച്ച് അനശ്വരമാക്കിയ മിസ്റ്റർ ബീൻ എന്ന കഥാപാത്രം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പരിചിതമാണ്. നിഷ്കളങ്ക മുഖത്തോടെ മിസ്റ്റർ ബീൻ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങൾ ഒരിക്കലെങ്കിലും കണ്ടവർക്ക് മറക്കാൻ കഴിയില്ല. ഒരക്ഷരംപോലും ഉരിയാടാതെ സ്വന്തം ശരീരചലനങ്ങൾ മാത്രമുപയോഗിച്ച് കഥാപാത്രത്തെ സോജ്വലമാക്കിയ റൊവാൻ ആറ്റ്കിൻസൺ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ്. തന്റെ കഥാപാത്രം മണ്ടത്തരങ്ങൾ മാത്രം കാട്ടിക്കൂട്ടുന്ന ആളാണെങ്കിലും റൊവാൻ ആറ്റ്കിൻസൺ എന്ന വ്യക്തി സ്വകാര്യ ജീവിതത്തിൽ എടുത്ത ബുദ്ധിപരമായ തീരുമാനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 

സംസാരിക്കുമ്പോൾ വിക്കുണ്ട്, കോമാളിയുടേതുപോലുള്ള മുഖമാണ്, സൗന്ദര്യവുമില്ല– അവസരങ്ങൾ ചോദിച്ചു ചെല്ലുന്ന ഷൂട്ടിങ് ലൊക്കേഷനുകളിൽ നിന്നെല്ലാം ആ ചെറുപ്പക്കാരനെ പുറത്താക്കാൻ ഇതുപോലെ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. എങ്കിലും സിനിമാ മോഹവും തലയിലേറ്റി ഷൂട്ടിങ് സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക് അയാൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു. എല്ലാവരും അവനെ അപമാനിച്ചു പുറത്താക്കി. പക്ഷേ, അവസാനം തന്റെ എല്ലാ കഴിവുകേടുകളെയും ഒരുമിച്ചുചേർത്ത് ഒരു കഥാപാത്രത്തെ അയാൾ സൃഷ്ടിച്ചു; മിസ്റ്റർ ബീൻ. കോമാളിയുടെ മുഖമുള്ള, സംസാരിക്കാത്ത, സൗന്ദര്യമില്ലാത്ത ഒരു കഥാപാത്രം. തെരുവുകളിലും വേദികളിലും തന്റെ കഥാപാത്രവുമായി അദ്ദേഹം കയറിയിറങ്ങി. പതിയെ ആ കഥാപാത്രത്തെ ലോകം സ്വീകരിച്ചു. ടെലിവിഷൻ പരമ്പരകളായും സിനിമകളായും ആ‌ കഥാപാത്രം പ്രേഷകകോടികളുടെ മനം കവർന്നു. മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതും ജീവൻ നൽകിയതും റൊവാൻ അറ്റ്കിൻസൺ എന്ന പ്രതിഭയാണ്. മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി എന്നാണ് റൊവാൻ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്

തനിക്കു വിജയിക്കാനുള്ള ലോകം സ്വയം സൃഷ്ടിക്കേണ്ടിയിരിക്കുന്നു എന്ന ചിന്ത റൊവാനിൽ രൂപപ്പെട്ടു. ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ സജീവമായതോടെ കോമഡി കഥാപാത്രങ്ങളാണ് തനിക്ക് അനുയോജ്യമെന്ന് തിരിച്ചറിഞ്ഞു. ശരീരഭാഷ ഉപയോഗിച്ച് അഭിനയിക്കുന്നതിൽ വൈദഗ്ധ്യം നേടി. 1979 മുതൽ ബിബിസി ചാനലിൽ അവതരിപ്പിച്ച കോമഡി പരിപാടി ‘‘നോട്ട് ദ് നയൻ ഒ ക്ലോക്ക് ന്യൂസ്’’ (Not the Nine'O Clock News) ജനശ്രദ്ധ ആകർഷിച്ചതോടെ എൻജിനീയറിങ് രംഗത്തുനിന്നും അഭിനയരംഗത്തേക്ക് ചുവട് മാറ്റി. 1990ൽ ഓക്സ്ഫഡിൽ പഠിച്ചു കൊണ്ടിരിക്കെയാണ് മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തിന് ജന്മം കൊടുക്കുന്നത്. വാക്കുകളേക്കാൾ, ശരീര ഭാഷകൊണ്ടാണ് മിസ്റ്റർ ബീൻ സംസാരിക്കുന്നത്.16 എപ്പിസോഡുകളുള്ള സീരീസായും 2 ഫീച്ചർ സിനിമകളായും മിസ്റ്റർ ബീൻ പുറത്തിറങ്ങി. ഒരക്ഷരം പോലും ഉരിയാടാതെ സ്വന്തം ശരീര ചലനങ്ങൾ മാത്രം ഉപയോഗിച്ച് കഥാപാത്രത്തെ അനശ്വരമാക്കിയ റൊവാൻ അറ്റ്കിൻസൺ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളാണ്. ചാർലി ചാപ്ലിനു ശേഷം ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു ഹാസ്യതാരം ഇല്ലെന്നുതന്നെ പറയാം.








No comments:

Post a Comment