20/12/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ - റിപ്പബ്ലിക്ക് ഓഫ് അര്‍ജന്‍റിന

  

ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
07

റിപ്പബ്ലിക്ക് ഓഫ് അര്‍ജന്‍റിന

തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യം. പശ്ചിമ അര്‍ധഗോളത്തിലെ ഏറ്റവും ഉയരമുള്ള Aconcagua കൊടുമുടി 22,834 അടി ഉയരത്തില്‍ അര്‍ജന്‍റിനയുടെ പടിഞ്ഞാറ് ഭാഗത്തെ ആന്‍ഡീസ് പര്‍വ്വത നിരകളില്‍ സ്ഥിതി ചെയ്യുന്നു. ബ്യൂണസ്അയേഴ്സ് തലസ്ഥാനമായ അര്‍ജന്‍റിനയില്‍ ജനങ്ങളില്‍ 85% ല്‍ അധികം സ്പാനിഷ്, ഇറ്റാലിയന്‍ വംശജരും ബാക്കി അമരിന്‍ഡ്യന്‍ വംശജരും. ജനങ്ങളില്‍ 95% ല്‍ അധികം കത്തോലിക്ക വിശ്വാസികളും വളരെ ചെറിയൊരു വിഭാഗം ഗോത്രമത വിശ്വാസികളും. ഔദ്യോഗിക ഭാഷയായ സ്പാനിഷിനൊപ്പം ഇംഗ്ലീഷും, ഇറ്റാലിയനും, ഗുവറണി എന്നൊരു പ്രാദേശിക ഭാഷയും ഉപയോഗിക്കുന്നു. ഔദ്യോഗിക കറന്‍സിയായ പെസോ★ (Peso) 100 സെന്റാവോസ് (Centavos) ആയി വിഭജിച്ചിരിക്കുന്നു.

★ സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന്  അര്‍ജന്‍റിന പല തവണ currency adjustment നടത്തിയിട്ടുണ്ട്. (വിശദ വിവരങ്ങള്‍ ചിത്രത്തോടൊപ്പം) 

രാജ്യചരിത്രം

പാലിയോലിത്തിക് കലഘട്ടത്തില്‍ തന്നെ ജനവാസമുണ്ടായിരുന്ന ഈ പ്രദേശം കൊളംബിയന്‍ കാലഘട്ടത്തിന് മുന്‍പ് Inca സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു.

അലഞ്ഞു നടക്കുന്ന അമരിന്‍ഡ്യന്‍ ഗോത്രങ്ങള്‍ വസിച്ചിരുന്ന ഇവിടെയ്ക്ക് 1515 -16 ല്‍ Juan Diaz de Solis ന്‍റെ നേതൃത്വത്തിലുള്ള സ്പാനിഷ് പര്യവേക്ഷകര്‍ എത്തിച്ചേര്‍ന്നു. കോളനിവല്‍ക്കരണ ചരിത്രത്തില്‍, സ്പാനിഷ് പ്രവിശ്യയായ Asuncion ന്‍റെ ഭാഗമായി 1580 ല്‍ സ്ഥാപിക്കാപ്പെട്ട ബ്യൂണസ് അയേഴ്സ് 1617 ല്‍ viceroyality of Lima ല്‍ ഉള്‍പ്പെടുത്തി പ്രത്യേക പ്രവിശ്യയാക്കി. 1776 ല്‍ നിലവില്‍ വന്ന സ്പാനിഷ് തെക്കെഅമേരിക്കന്‍ സാമ്രാജ്യത്തിലെ viceroyality of La Plata യുടെ തലസ്ഥാനമായി ബ്യൂണസ്അയേഴ്സ്.

നെപ്പോളിയന്‍ സ്പെയിന്‍ കീഴടക്കിയപ്പോള്‍, അര്‍ജന്‍റിനയിലെ കോളനിവല്‍ക്കരണക്കാര്‍ 1810 ല്‍ ബ്യൂണസ്അയേഴ്സ് തലസ്ഥാനമാക്കി സ്പെയിനിലെ രാജാവിന്‍റെ പേരില്‍ തന്നെ സ്വതന്ത്ര ഗവണ്മെന്‍റിന്‍റ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ യുദ്ധങ്ങള്‍ക്കൊടുവില്‍ 1816 ജൂലയ് 9ന്,  അര്‍ജന്‍റിന സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച്, സ്പെയിന്‍റെ നിയന്ത്രണത്തില്‍ നിന്നും മോചിതമായി.

19ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ നിലനിന്ന അരാജകത്വം ശക്തമായ ഒരു കേന്ദ്ര ഗവണ്മെന്‍റ് നിലവില്‍ വന്നതിനെത്തുടര്‍ന്ന് അവസാനിച്ചു. ഈ കാലയളവില്‍ തദ്ദേശിയരായ അമരിന്‍ഡ്യന്‍ ഗോത്രങ്ങള്‍ വലിയ തോതില്‍ തുടച്ചു നീക്കപ്പെട്ടു.

1880 ന് ശേഷമുണ്ടായ വിപുലമായ സ്പാനിഷ്, ഇറ്റാലിയന്‍, കുടിയേറ്റങ്ങളെത്തുടര്‍ന്ന് വ്യാപകമായ ആധുനികവല്‍ക്കരണം നടപ്പിലായി. 1930 - 46 കാലഘട്ടത്തില്‍ നടന്ന നിരവധി പട്ടാള അട്ടിമറികള്‍ക്കൊടുവില്‍, Gen. Juan Peron പ്രസിഡന്‍റായി ജനാധിപത്യ ഭരണം നിലവില്‍ വന്നു. 1976 ല്‍ വീണ്ടും ഒരു അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തു.

1982 ഏപ്രില്‍ 12 ന് അര്‍ജന്‍റിന ബ്രിട്ടീഷ് കോളനിയായ ഫാക് ലാന്‍ഡ് ദ്വീപുകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടന്ന ബ്രിട്ടീഷ് സൈന്യവുമായുള്ള  യുദ്ധത്തിനൊടുവില്‍, ജൂണ്‍ 14 ന് അര്‍ജന്‍റിന കീഴടങ്ങി.

1983 ല്‍ ജനാധിപത്യത്തിലേക്ക് മടങ്ങിയ അര്‍ജന്‍റിനയില്‍ 1994 ല്‍ പുതിയ ഭരണഘടന നിലവില്‍ വന്നു.

അര്‍ജന്‍റിനയുടെ ഭൂപടം

അര്‍ജന്‍റിനയുടെ ദേശീയ പതാക

അര്‍ജന്‍റിനയുടെ ദേശീയ ചിഹ്നം

1969 വരെ നിലനിന്ന നാണയങ്ങള്‍

പഴയ 100 പെസോ = ഒരു പുതിയ പെസോ എന്ന് പരിഷ്ക്കരിച്ച് 1970 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നാണയങ്ങള്‍

10,000 പുതിയ പെസോ = ഒരു പെസോ അര്‍ജന്‍റിനോ എന്ന് പരിഷ്ക്കരിച്ച് 1983 മുതല്‍ നിലവില്‍ വന്ന നാണയങ്ങള്‍

1,000 പെസോ അര്‍ജന്‍റിനോ = ഒരു ആസ്ട്രാല്‍ എന്ന് പരിഷ്ക്കരിച്ച് 1985 മുതല്‍ നിലവില്‍ വന്ന നാണയങ്ങള്‍

10,000 ആസ്ട്രാല്‍ = ഒരു പെസോ എന്ന് പരിഷ്ക്കരിച്ച് 1992 മുതല്‍ നിലവില്‍ വന്ന നാണയങ്ങള്‍







No comments:

Post a Comment