ഇന്നത്തെ പഠനം | |
അവതരണം | നിഷാദ് കാക്കനാട് |
വിഷയം | സ്റ്റാമ്പിലെ വിശേഷങ്ങൾ |
ലക്കം | 82 |
മിഖായിൽ കലാഷ്നിക്കോവ്
ലോക പ്രശസ്ത AK 47 - എന്ന പേരിൽ ലോകം മുഴുവൻ ഏതു കൊച്ചു കുട്ടികൾ പോലുംപറഞ്ഞു ശീലിച്ച തോക്കിൻ്റെ കണ്ടുപിടിത്തക്കാരനാണ് ഇദ്ദേഹം.ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മാരകമായ ആയുധമേതാവും? ഏതായുധമാണ് ലോകത്തിൽ ഏറ്റവുമധികം ആളുകളുടെ ജീവനെടുത്തിട്ടുണ്ടാവുക? പലരും വിചാരിക്കുന്നത് അത് ഹിരോഷിമയിലോ നാഗസാക്കിയിലോ വന്നുവീണ അണുബോംബാണെന്നാവും. ശരിയാണ് ആ രണ്ടുബോംബുകൾ നിലംതൊട്ടതിനു പിന്നാലെ രണ്ടുലക്ഷത്തിലധികം മനുഷ്യജീവൻ ഭൂതലത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു. എന്നാൽ, ആ ആയുധത്തിനൊരു പരിമിതിയുണ്ടായിരുന്നു. രണ്ടാമതൊരിക്കൽ അതെടുത്ത് പ്രയോഗിക്കാൻ സൈനികമേധാവികൾ അറച്ചു. അതുകൊണ്ടുതന്നെ മരണസംഖ്യ ആദ്യപ്രയോഗത്തിലെ ജീവനാശത്തിൽ ഒതുങ്ങിനിന്നു. എന്നാൽ, യാതൊരു മനശ്ചാഞ്ചല്യവുമില്ലാതെ, വീണ്ടും വീണ്ടുമെടുത്ത് മനുഷ്യന്റെ പ്രാണൻ അപഹരിക്കാൻ വേണ്ടി ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്ന മറ്റൊരു ആയുധമുണ്ട്. അതാണ് കഴിഞ്ഞ നൂറ്റാണ്ടിൽ അവതരിച്ച് ഇന്നും ഏറെ ജനപ്രിയമായി നിലകൊള്ളുന്ന ഒരു അതിമാരകമായ ആയുധം. ലോകത്തിലെ സംഘർഷഭരിതമായ യുദ്ധഭൂമികളിൽ അത് കൊന്നു തള്ളിയിട്ടുള്ളത് ദശലക്ഷക്കണക്കിനു പേരെയാണ്. അത് ഉത്ഭവിച്ചത് റഷ്യയിലാണ്. അതുകൊണ്ടുതന്നെ പേരും റഷ്യൻ തന്നെ. അവ്ട്ടോമാറ്റ് കലാഷ്നിക്കോവ് 47 അഥവാ എകെ 47 അസാൾട്ട് റൈഫിൾ. അതൊരു ഗ്യാസ് ഓപ്പറേറ്റഡ്, 7.62×39mm ബോർ യന്ത്രത്തോക്കാണ്
വെള്ളം, ഈർപ്പം, പൊടി, തണുപ്പ് എന്നിവ ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന പല യുദ്ധമുഖങ്ങളിലും അത്തരത്തിലുള്ള വിപരീതസാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ഒരു മുടക്കവുമില്ലാതെ ഈ യന്ത്രത്തോക്ക് വെടിയുതിർക്കും. താരതമ്യേന കുറഞ്ഞ മെയിന്റനൻസ് മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഒരൊറ്റ കാർട്രിഡ്ജിൽ നിന്ന് മുപ്പതു റൗണ്ട് വെടിയുതിർക്കാനുള്ള ശേഷി ഈ യന്ത്രത്തോക്കിനുണ്ട്. പ്രത്യേകം ഡിസൈൻ ചെയ്യപ്പെട്ട ഒരു ബയണറ്റും, സ്കബാർഡും എകെ 47 ന്റെ കൂടെ ലഭ്യമാണ്. ഇന്നത്തെ ആധുനിക മോഡലുകളിൽ ടെലസ്കോപ്പുകളും, PSO1 അടക്കമുള്ള ഒപ്റ്റിക്കൽ സ്നൈപ്പർ സൈറ്റിങ് ആക്സസറികളും ഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധകാലത്ത്, തങ്ങളുടെ M-16 തോക്കുകൾ വലിച്ചെറിഞ്ഞ്, അവിടത്തെ വിപ്ലവകാരികളുടെ AK 47 തോക്കുകളും കാർട്രിഡ്ജുകളും ഉപയോടിക്കാൻ അമേരിക്കൻ സൈനികർ ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് ഈ തോക്കിനെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥ
ഇന്ന് ഈ യന്ത്രത്തോക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള പല ഭീകരസംഘടനകളുടെയും, വിമത സേനയുടെയും, എന്തിന് വ്യക്തികളുടെ ആയുധശേഖരങ്ങളുടെ വരെ ഭാഗമാണ്. വിയറ്റ്‌നാം, അഫ്ഗാനിസ്ഥാൻ, കൊളംബിയ, മൊസാംബിക് തുടങ്ങിയ പല രാജ്യങ്ങളിലെയും വിപ്ലവസംഘടനകളുടെ കോടികളിൽ വരെ ഈ തോക്ക് ഒരു ചിഹ്നമായി ഇടം പിടിച്ചിട്ടുണ്ട്. 1946 -ൽ പുറത്തിറങ്ങിയ ആദ്യ പ്രോട്ടോടൈപ്പിനു ശേഷം ഇന്നുവരെ ഏകദേശം പത്തുകോടിയിൽപരം എകെ 47 യന്ത്രത്തോക്കുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഏകദേശകണക്ക്.
ഈ ആയുധം വികസിപ്പിച്ചെടുത്ത ലെഫ്റ്റനന്റ് മിഖായിൽ കലാഷ്നിക്കോവിനെ റഷ്യൻ സൈന്യം വിഖ്യാതമായ സ്റ്റാലിൻ പുരസ്കാരം, റെഡ്സ്റ്റാർ, ഓർഡർ ഓഫ് ലെനിൻ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. റഷ്യൻ ജനതയുടെ ക്രിയേറ്റിവ് ജീനിയസിന്റെ മുഖമുദ്രയാണ് എകെ 47 അസാൾട്ട് റൈഫിൾ എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞിട്ടുള്ളത്. തന്റെ ജീവിതകാലത്ത് പലപ്പോഴും, ഇങ്ങനെ ഒരു മാരകായുധം പടച്ചുവിട്ടതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് ലെഫ്റ്റനന്റ് കലാഷ്നിക്കോവിന്.2013 നവംബർ 10 -ന് തന്റെ തൊണ്ണൂറ്റിനാലാമത്തെ വയസിൽ മിഖായിൽ കലാഷ്നിക്കോവ് എന്ന സ്രഷ്ടാവ് ആന്തരിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ഈ സംഹാരായുധം ഇന്നും നിർബാധം ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു.
No comments:
Post a Comment