ഇന്നത്തെ പഠനം | |
അവതരണം | ജോൺ MT, ചേർത്തല |
വിഷയം | കുഞ്ഞുരാജ്യത്തെ വിലപ്പെട്ട സ്റ്റാമ്പുകൾ |
ലക്കം | 124 |
ഫിൻലൻഡ്
വടക്കൻ യൂറോപ്പിൽ ആർട്ടിക്കിന് അടുത്ത് കിടക്കുന്ന നോർഡിക് രാജ്യമായ ഫിൻലൻഡ്, ജനങ്ങളുടെ പുരോഗതിയുടെ ഏതു അളവ് കോൽ എടുത്താലും, ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിൽ ഒന്നായിരിക്കും.കേരളത്തിന്റെ ഏഴിൽ ഒന്ന് ജനസംഖ്യ മാത്രമുള്ള അതി സുന്ദരമായ ഒരു ചെറിയ രാജ്യമാണിത്. സ്വീഡൻ, നോർവേ, റഷ്യ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന യൂറോപ്പിൽ സാമാന്യം വലിപ്പമുള്ള രാജ്യങ്ങളിൽ ഒന്നായ ഫിൻലന്റിൽ കേവലം 55 ലക്ഷം മാത്രമാണ് ജനസംഖ്യ. എളിമയും സൗഹാർദ്ദവും കാത്തു സൂക്ഷിക്കുന്ന ജനത, അതാണ് ഫിന്നിഷ്. ഇന്ത്യയേക്കാൾ രണ്ടര മണിക്കൂർ സമയ സൂചിക പിറകിലാണ്.
ഏകദേശം രണ്ടുലക്ഷത്തിനടുത്ത് ചെറുതടാകങ്ങൾ ഈ രാജ്യത്തുണ്ടെന്നാണ് കണക്ക്. കരഭൂമിയുടെ 10 ശതമാനത്തോളം വരും ഇത്. അതുകൊണ്ടു തന്നെ 'ആയിരം തടാകങ്ങളുടെ നാട് ' എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്. ഇവയില്‍ ഭൂരിഭാഗവും ശുദ്ധ ജലതടാകങ്ങളാണ്. ബാക്കി ഭൂമിയുടെ 70 ശതമാനവും കാടുകളാണ്, ഫിൻലൻഡ് മുഴുവനും സമതല ഭൂമിയാണ്. ഏതാനും കുന്നുകളല്ലാതെ, പർവതം എന്ന് പറയാവുന്ന ഒന്നുപോലും ഈ രാജ്യത്തില്ല. പച്ചപ്പും മൊട്ടക്കുന്ന് പോലെ ഉള്ള പുൽ മൈതാനങ്ങളുമായി മനോഹരമായ ഭൂപ്രകൃതിയാണ് എങ്ങും
സാന്താക്ലോസ്സിന്റെ രാജ്യം എന്നും ഫിൻലാൻഡ് അറിയപ്പെടുന്നു. രാജ്യത്തെ വടക്കൻ പ്രദേശമായ ലാപ്‌ലാന്റിലാണ് (Lapland) ക്രിസ്മസ് അപ്പൂപ്പൻ ജീവിക്കുന്നത് എന്നാണ് വിശ്വാസം. സാന്താക്ലോസ്സിന്റെ ഫിൻലാന്റിലെ വിലാസത്തിലേക്ക് 192 രാജ്യങ്ങളിൽ നിന്നായി 7 ലക്ഷത്തിലധികം കുട്ടികളുടെ ആശംസ കാർഡുകളാണ് ഓരോ ക്രിസ്‌മസ് കാലത്തും ലഭിക്കാറുള്ളത്
ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിൻലാന്റിനെ അറിയുന്നത് നോക്കിയയുടെ ജന്മ സ്ഥലമായിട്ടാണ്. ഏത് ഫോൺ കണ്ടാലും 'മേഡ് ഇൻ ഫിൻലാന്റ് ' ആണോന്ന് ചോദിക്കുന്ന കാലമുണ്ടായിരുന്നു. പിന്നീട് മൈക്രോസോഫ്റ്റും, എച്ച്എംഡി ഗ്ലോബലും ഇവരെ ഏറ്റെടുത്തതൊക്കെ ചരിത്രം ഔദ്യോഗിക ഭാഷകൾ ഫിന്നിഷും സ്വീഡിഷുമാണ്.ഔദ്യോഗിക കറൻസി യൂറോ ആണ്.
No comments:
Post a Comment