06/12/2021

ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ - അങ്കോള


ഇന്നത്തെ പഠനം
അവതരണം
അഗസ്റ്റിന്‍ സ്റ്റീഫന്‍ ഡിസൂസ
വിഷയം
ചരിത്രാന്വേഷണം - ലോക രാജ്യങ്ങളിലൂടെ
ലക്കം
05

റിപ്പബ്ലിക്ക് ഓഫ് അങ്കോള

തെക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ അറ്റ്ലാന്‍റിക് സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്നു. ഭൂരിഭാഗം പ്രദേശങ്ങളും 3,000 - 5,000 അടി വരെ ഉയരമുള്ള പീഠഭൂമിയാണ്. ലുവാണ്ട തലസ്ഥാനമായ അങ്കോളയിലെ ജനങ്ങള്‍ Ovimbundu (37%), Kimbundu (25%), Bakongo (13%), Luimbe, Humbe, Chokwe മുതലായ ഗോത്രവര്‍ഗ്ഗങ്ങളാണ്. ഔദ്യോഗിക ഭാഷയായ പോര്‍ട്ടുഗീസ്സിനൊപ്പം പ്രാദേശിക ഗോത്രഭാഷകളായ Ovimbundu, Kimbundu, Bakanzo, Chokwe എന്നിവയും ഉപയോഗിക്കുന്നു. ജനങ്ങളില്‍ 60% നുമേല്‍ വിവിധ വിഭാഗങ്ങളിലുള്ള ക്രൈസ്തവ വിശ്വാസികളും ബാക്കി പരമ്പരാഗത ഗോത്രമത വിശ്വാസികളുമാണ്. ഔദ്യോഗിക കറന്‍സിയായ ക്വാന്‍സ (Kwanza) 100 എല്‍വെയ് (Lwei) ആയി വിഭജിച്ചിരിക്കുന്നു. 1999 മുതല്‍ ക്വാന്‍സ (Kwanza) = 100 സെന്‍റീംസ് (Centimes)

രാജ്യചരിത്രം

പാലിയോലിത്തിക് കാലഘട്ടം മുതല്‍ ജനവാസമുണ്ടായിരുന്ന ഇന്നത്തെ അങ്കോള പ്രദേശത്ത് ദേശാടന സ്വഭാവമുള്ള ഖോയ്, സാന്‍ എന്നീ വംശജര്‍ അധിവസിച്ചിരുന്നു. BC ഒന്നാം സഹസ്രാബ്ദത്തില്‍ അവരെ കീഴടക്കി വടക്കന്‍ ദിശയില്‍ നിന്ന് വന്ന ബാന്‍റു വംശജര്‍ അവിടെ സ്ഥിരവാസമുറപ്പിച്ച് കൃഷി, കാലിവളര്‍ത്തല്‍ മുതലായവ നടപ്പിലാക്കി. ഗോത്രസംസ്കാരം നിലനിന്ന പല ഭരണ സംവിധാനങ്ങളും ഉടലെടുത്തെങ്കിലും AD ഒന്നാം നൂറ്റാണ്ട് മുതല്‍ 15ാം നൂറ്റാണ്ട് വരെ കോങ്കോ എന്ന പേരില്‍ പ്രബലമായ ഒരു ഗോത്രരാജ്യം നിലനിന്നിരുന്നു.

പോര്‍ട്ടുഗീസ്സ് നാവികനായ Diego Cao 1484 ല്‍ ഈ പ്രദേശം കണ്ടെത്തി, പുറം ലോകത്തിന് പരിചയപ്പെടുത്തി. 1491 മുതല്‍ പോര്‍ട്ടുഗീസ്സ് കോളനികള്‍ക്ക് ആരംഭം കുറിച്ചു. പ്രാദേശിക കോങ്കോ ഭരണാധികാരി Alphonso I എന്ന പേരില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച്, പോര്‍ട്ടുഗീസ്സ് കച്ചവടക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു. ഉള്‍പ്രദേശങ്ങളിലേക്ക് കടന്നു കയറിയ പോര്‍ട്ടുഗീസ്സുകാര്‍ക്ക് Ndongu ഭരണാധികാരിയായ Nzingo രാജ്ഞിയില്‍ നിന്ന് ശക്തമായ പ്രതിരോധം നേരിടേണ്ടി വന്നു.

അടിമ വ്യാപാരത്തിന് കേന്ദ്രമാക്കിയ അങ്കോളയില്‍ നിന്ന് പോര്‍ട്ടുഗീസ്സുകാര്‍ 1580 - 1680 കാലഘട്ടത്തില്‍ പത്ത് ലക്ഷത്തിലധികം അടിമകളെ ബ്രസിലിലേക്ക് കപ്പല്‍ കയറ്റി. 1836 ല്‍ അടിമ വ്യവസ്ഥിതി നിരോധിക്കുന്നതു വരെ അങ്കോളയില്‍ അടിമക്കച്ചവടം നിലനിന്നിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ നാല് ലക്ഷം പോര്‍ട്ടുഗീസ്സുകാര്‍ അങ്കോളയിലേക്ക് കുടിയേറിയതോടുകൂടി കോളനിവത്കരണം വലിയ തോതില്‍ ആരംഭിച്ചു. 1951 ല്‍ അങ്കോള പോര്‍ട്ടുഗലിന്‍റെ overseas territory ആയി അംഗീകരിക്കപ്പെട്ടു.

1961 ല്‍ ആരംഭിച്ച ഒരു ഗറില്ലാ യുദ്ധം 1974 ലെ പോര്‍ട്ടുഗലിന്‍റെ സ്വതന്ത്രവാഗ്ദാനം വരെ നീണ്ടുനിന്നു. പ്രധാനമായും സയര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ദേശീയ മുന്നണി, സോവിയറ്റ് പിന്തുണയുണ്ടായിരുന്ന ജനകീയ പ്രസ്ഥാനം, മിതവാദികളായ ദേശീയ എെക്യമുന്നണി എന്നീ മൂന്ന് പ്രസ്ഥാനങ്ങളായിരുന്നു യുദ്ധമുന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. അങ്കോളന്‍ ജനതയെ സ്വന്തം ഭാഗധേയം തീരുമാനിക്കാന്‍ വിട്ടുകൊണ്ട് 1975 നവംബര്‍ 11 ന് പോര്‍ട്ടുഗല്‍ മടങ്ങി. ദിവസങ്ങള്‍ക്കകം മേല്‍പ്പറഞ്ഞ ഓരോ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും തങ്ങളാണ് അങ്കോളയുടെ ഭരണാധികാരികളെന്ന് സ്വയം പ്രഖ്യാപിച്ചു. തുടര്‍ന്നുണ്ടായ രക്തരൂഷിത ഗോത്രകലാപത്തില്‍ സോവിയറ്റ് ആയുധങ്ങളുടെയും ക്യൂബന്‍ പട്ടാളത്തിന്‍റെയും സഹായത്താല്‍ കമ്യൂണിസ്റ്റ് ജനകീയ മുന്നണി ഭരണം പിടിച്ചെടുത്തു. സോഷ്യലിസ്റ്റ് രീതിയില്‍ ഭരണം നടത്തിയിരുന്ന ഗവണ്മെന്‍റ് 1990 ല്‍ 'സാമൂഹിക ജനാധിപത്യം' എന്ന സംഹിത പ്രഖ്യാപിച്ചു. 2010 ല്‍ വിവിധ രാഷ്ട്രീയ കക്ഷികളെ അംഗീകരിക്കുന്ന ഭരണഘടന നിലവില്‍ വന്നു.


അങ്കോളയുടെ ഭൂപടം

അങ്കോളയുടെ ദേശീയ പതാക

അങ്കോളയുടെ ദേശീയ ചിഹ്നം

പോര്‍ട്ടുഗീസ്സ് അങ്കോളയിലെ നാണയം

1985 മുതല്‍ 2010 വരെ നിലനിന്നിരുന്ന പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് അങ്കോളയുടെ നാണയം

2010 ല്‍ നിലവില്‍ വന്ന റിപ്പബ്ലിക്ക് ഓഫ് അങ്കോളയുടെ നാണയം





No comments:

Post a Comment