07/12/2021

ചിത്രത്തിനുപിന്നിലെ ചരിത്രം - മരങ്ങൾ മനുഷ്യജീവിതത്തിൽ

              

ഇന്നത്തെ പഠനം
അവതരണം
രാജീവൻ കാഞ്ഞങ്ങാട് 
വിഷയം
ചിത്രത്തിനുപിന്നിലെ ചരിത്രം
ലക്കം
92

മരങ്ങൾ മനുഷ്യജീവിതത്തിൽ 

വ്യക്ഷങ്ങളും മനുഷ്യരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യരുടെ ആദ്യകാല വാസസ്ഥാനങ്ങള്‍ വൃക്ഷങ്ങള്‍ നിറഞ്ഞ കാടുകളായിരുന്നുവല്ലോ? അക്കാലത്ത് വലിയ മരങ്ങളുടെ പൊത്തുകളിൽ മനുഷ്യന്‍ അന്തിയുറങ്ങിയിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. പിന്നീട് വന്യമൃഗങ്ങളിൽ നിന്നും മറ്റും രക്ഷ നേടാന്‍ അവൻ മരങ്ങളുടെ മുകളിൽ ഏറുമാടങ്ങൾ തീർത്ത് അതിൽ പാർക്കാൻ ആരംഭിച്ചു. കാടുകളിൽ സുലഭമായിരുന്ന വ്യത്യസ്ത തരത്തിലുള്ള ഫലഭൂയിഷ്ഠമായ മരങ്ങൾ മനുഷ്യർക്ക് കായ്കനികള്‍ നൽകി, അവന്റെ വിശപ്പടക്കി. അഗ്നിയുടെ കണ്ടെത്തൽ മനുഷ്യരാശിയെ സുപ്രധാനമായ ഒരു വഴിത്തിരിവിലെത്തിച്ചു. അഗ്നി ജ്വലിപ്പിക്കാനുള്ള വിറകിന് വേണ്ടി മനുഷ്യൻ പ്രധാനമായും ആശ്രയിച്ചത് വൃക്ഷങ്ങളെയാണ്. അഗ്നിയെ നിരന്തരം  ജ്വലിപ്പിച്ച് നിർത്താൻ കട്ടികൂടിയ വിറക് ആവശ്യമായിരുന്നു. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് ദൃഢതയേറിയ വൃക്ഷഭാഗങ്ങൾ ഇക്കാര്യത്തിൽ മനുഷ്യനെ ഏറെ സഹായിച്ചു. ഈ ആധുനിക യുഗത്തിലും മനുഷ്യൻ ഒരു പ്രധാന ഇന്ധനമായി വൃക്ഷങ്ങളിൽ നിന്നുള്ള വിറക് ഉപയോഗിക്കുന്നു. ഗുഹാവാസിയായ മനുഷ്യൻ വർഷങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ സ്വന്തമായി വീടുകൾ നിർമ്മിക്കാനാരംഭിച്ചു. ഗൃഹനിർമ്മാണത്തിനുള്ള ഒരു പ്രധാന അസംസ്കൃത വസ്തുവാണ് മരത്തടി. വീടുകളുടെ മേല്‍ക്കൂര നിർമ്മിക്കാനും, വാതിലുകളും ജനലുകളും നിർമ്മിക്കാനും മരത്തടികൾ ഉപയോഗിക്കുന്നു. വീട്ടിലേക്ക് ആവശ്യമായ നിത്യജീവിതത്തിലെ അവശ്യവസ്തുക്കളായ ഇരിപ്പിടങ്ങൾ പോലുള്ള നിത്യോപയോഗ സാധനങ്ങൾ ഉണ്ടാക്കുവാനും മരം ഉപയോഗിക്കുന്നു. വ്യാവസായികമേഖലയിലും വൃക്ഷങ്ങൾ വൻതോതിൽ പ്രയോജനപ്പെടുന്നുണ്ട്. വ്യാവസായിക ഉപകരണങ്ങളും യന്ത്രഭാഗങ്ങളും നിർമ്മിക്കാൻ മരത്തടി ഉപയോഗിക്കുന്നു. വ്യക്ഷങ്ങളിൽ നിന്ന് വേർതിരിചെടുക്കുന്നവയാണ് പല വ്യവസായങ്ങളുടെയും അസംസ്കൃത പദാർത്ഥങ്ങൾ. പാരിസ്ഥിതികമായി വ്യക്ഷങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ജീവവായുവായ ഓക്സിജന് ഉല്‍പാദിപിക്കുന്നതിലും അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ അളവ് കുറയ്ക്കുന്നതിലും വൃക്ഷങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. അന്തരീക്ഷ ഊഷ്മാവിനെ നിയന്ത്രിച്ച് ആഗോളതാപനം കുറയ്ക്കുന്നതിലും വൃക്ഷങ്ങള്‍  പ്രയോജനപ്പെടുന്നു. മനുഷ്യന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഒൗഷധങ്ങൾക്ക് പരമപ്രധാനമായ ഒരു പങ്കുണ്ടല്ലോ. ഔഷധ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളിൽ നല്ലൊരു ഭാഗം വൃക്ഷങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോ, യുനാനി തുടങ്ങിയ ചികിത്സാ ശാഖകളില്‍ വൃക്ഷജന്യമായ ഔഷധങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നു. വൃക്ഷങ്ങളുടെ ഏതാനും ഉപയോഗങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്ഷങ്ങൾ പ്രയോജനകരമാവുന്നുണ്ട്. മരങ്ങള്‍ നേരിടുന്ന ഭീഷണി വൃക്ഷങ്ങളിലെ 8000 സ്പീഷിസുകള്‍ നിലനില്‍പ്പിനു ഭീഷണി നേരിടുന്നതായും 976 സ്പീഷിസുകള്‍ വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണെന്നും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ആഗോള തലത്തില്‍ വൃക്ഷങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന പലവിധ പ്രതികൂല പ്രവര്‍ത്തനങ്ങളാണ് വൃക്ഷങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നത്‌. പ്രകൃതിയുടെ മേല്‍ അമിതമായി കടന്നു കയറുന്ന മനുഷ്യരാണ് മരങ്ങളുടെ നിലനില്‍പ്പിന് പ്രധാന ഭീഷണി ഉയര്‍ത്തുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി മരങ്ങൾ വെട്ടിയെടുക്കുമ്പോൾ അവയുടെ സ്ഥാനത്ത് പുതിയ വൃക്ഷങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. കച്ചവടക്കണ്ണ്‍ കൊണ്ട് മാത്രം പ്രവർത്തിക്കുന്ന മനുഷ്യർ വൃക്ഷങ്ങൾ നിലനിര്‍ത്തേണ്ട  ആവശ്യകതയെക്കുറിച്ച് തിരെ ബോധവാൻമാരാകുന്നില്ല, കാട്ടുതീ, ഭൂമികുലുക്കം, തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളും മരങ്ങൾ നശിയ്ക്കാൻ കാരണമാവുന്നു. കീടങ്ങളുടെ ഉപദ്രവം മൂലവും മരങ്ങൾ നശിക്കുന്നുണ്ട്. സസ്യവർഗങ്ങൾക്കിടയിലുള്ള അതിജീവന മത്സരംമൂലവും ചില മരങ്ങള്‍ നശിക്കുന്നു. വൃക്ഷങ്ങളെക്കുറിച്ച് പഠിക്കാം വനങ്ങളിലെ ജൈവവൈവിധ്യത്തെക്കുറിച്ചും അവയ്ക്ക് പരിസ്ഥിതിയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ പഠനത്തെ ഫോറസ്റ്റ് ഇക്കോളജി എന്നു പറയുന്നു. സ്വാഭാവികമായും ഇത് വ്യക്ഷങ്ങളെക്കുറിചുള്ള പഠനവുമാകുന്നു. വനപരിപാലനത്തിൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ഇന്നത്തെ വനപരിസ്ഥിതി ശാസ്ത്രജ്ഞർ വനങ്ങളുടെ ഘടന, അവിടുത്തെ ജൈവപ്രക്രിയകൾ എന്നിവ കൂടുതൽ പഠനവിധേയമാക്കുന്നു. പരിസ്ഥിതിയും, സാമൂഹികവും, സാമ്പത്തികവുമായ മൂല്യങ്ങളും നിലനിർത്താനുതകും വിധമാണ് ഇന്ന് വനപരിപാലനം, വിശിഷ്യാ വ്യക്ഷപരിപാലനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വനത്തെ അടുത്തറിയാവുന്ന തദ്ദേശീയരുടെ ഉപദേശങ്ങളും സഹായങ്ങളും സ്വീകരിച്ചാണ് പുതിയ വനപരിപാലന മാർഗ്ഗങ്ങളും ആ മേഖലയിലെ പഠന പ്രവർത്തനങ്ങളും നടപ്പിൽ വരുത്തുന്നത്.







No comments:

Post a Comment