ഇന്നത്തെ പഠനം
|
|
അവതരണം
|
Sulfeeqer Pathechali
|
വിഷയം
|
കറൻസി പരിചയം
|
ലക്കം
|
34
|
Continuation...
ബാങ്ക് നോട്ടുകൾ അവയുടെ രൂപത്തെ അടിസ്ഥാനമാക്കി ചില മാനദണ്ഡങ്ങൾക്കനുസരിച്ചു പല തരത്തിൽ തരം തിരിക്കാവുന്നതാണ്.
FINE (F) - കുറച്ചു കാലം circulation-ൽ ഉണ്ടായിരുന്ന നോട്ടുകളായിരിക്കും ഇവ. അധികമായി അഴുക്കു കാണപ്പെടുന്നില്ലെങ്കിലും ധാരാളം മടക്കുകളും ചുളിവുകളും ഉണ്ടായിരിക്കും. ദൃഡത നഷ്ടപ്പെട്ട് മൃദുവായി കാണപ്പെട്ടേക്കാം. കുറച്ചു കൂടുതൽ ഉപയോഗിച്ചതിനാൽ വശങ്ങൾ ചെറുതായി കീറിയിട്ടുണ്ടാവാം. എങ്കിലും ഈ കീറൽ നോട്ടിലെ ഡിസൈനിലേക്ക് വ്യാപിച്ചിട്ടുണ്ടാവില്ല. കൂടുതലായി മടക്കുകയും നിവർത്തുകയും ചെയ്യുന്ന നോട്ടിന്റെ മധ്യ ഭാഗത്ത് സാധാരണയായി രൂപപ്പെടാറുള്ള ദ്വാരങ്ങൾ ഇവയിൽ കാണപ്പെടില്ല. നിറങ്ങൾ വ്യക്തമാണെങ്കിലും തിളക്കം നഷ്ടപ്പെട്ടിരിക്കും.മേൽപറഞ്ഞ പ്രത്യേകതകൾക്കൊപ്പം ഒന്നോ രണ്ടോ സ്റ്റേപ്പിൾ ദ്വാരങ്ങൾ ഉണ്ടായേക്കാം.
VERY GOOD (VG) - പരുക്കൻ രീതിയിൽ വളരെയേറെ ഉപയോഗിച്ച നോട്ടുകൾ ആണെങ്കിലും കൂടുതൽ കേടുപാടുകളൊന്നും കാണപ്പെടുന്നില്ല. കോണുകൾ ക്ഷതം പറ്റി വൃത്താകൃതി പ്രാപിച്ചതും, നോട്ടിലെ കീറൽ ഡിസൈനിലേക്ക് വ്യാപിച്ചിട്ടുള്ളതും, നിറംമാറ്റം സംഭവിച്ചതും ആയിരിക്കും. അഴുക്കോ കറയോ ഉണ്ടാവാനും സാധ്യതയുണ്ട്. കൂടുതലായി മടക്കിയതിനാൽ നോട്ടിന്റെ മധ്യഭാഗത്ത് ദ്വാരങ്ങൾ കാണപ്പെട്ടേക്കാം. സ്റ്റാപ്പിൾ ദ്വാരങ്ങൾ സാധാരണയായി കാണപ്പെടും. ദൃഡത നഷ്ടപ്പെട്ട് ബലഹീനമായ അവസ്ഥയിലാണെങ്കിലും നോട്ടുകളിൽ ഒരു ഭാഗവും മുറിഞ്ഞു പോയിട്ടുണ്ടാവില്ല. ഇങ്ങിനെയൊക്കെ ആണെകിലും ഈ കാറ്റഗറിയിലുള്ള നോട്ടുകൾ പൊതുവെ ആകർഷണീയമല്ല.
GOOD (G) - നന്നായി ഉപയോഗിച്ചതും തേയ്മാനം സംഭവിച്ചതുമായ നോട്ടുകളയാണിവ. ഒരുപാട് കാലം നീണ്ടു നിന്ന ഉപയോഗത്താൽ (Prolonged circulation) ധാരാളം പരിക്കുകൾ കാണപ്പെടുന്നു. വ്യക്തമായ മടക്കുകളും, അഴുക്കും കറയും, സ്റ്റാപ്പിൾ ദ്വാരങ്ങളും ഇവയിൽ സർവ്വ സാധാരണമാണ്. നിറം മങ്ങിയതും, വശങ്ങൾ കീറിയതും, മധ്യഭാഗത്തു ദ്വാരമുള്ളതും, കോണുകൾ വൃത്താകൃതിയിലുള്ളതും ആയ ഇത്തരം നോട്ടുകൾ തീരെ ആകർഷണീയമല്ല. നോട്ടിൽ നിന്നും ചെറിയ കഷ്ണങ്ങൾ നഷ്ടപ്പെട്ട് പോയിട്ടുണ്ടാവാം. സാധാരണയായി നോട്ടുകളിൽ പേനകൊണ്ട് എഴുതുകയോ കുത്തിക്കുറിക്കുകയോ ചെയ്തിട്ടുണ്ടാകും.
FAIR (FR) - വളരെ കാലം ഉപയോഗിച്ച, ദൃഡത പൂർണ്ണമായും നഷ്ടപ്പട്ടു തീർത്തും ബലഹീനമായ നോട്ടുകളാണിവ. GOOD(G) കാറ്റഗറിയിൽപെട്ട നോട്ടുകളുടെ എല്ലാ കുറവുകൾക്കും പുറമെ പകുതി കീറി പോവുകയോ അല്ലെങ്കിൽ വലിയ ഒരു ഭാഗം തന്നെ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടാവാം. നോട്ടിലെ കൂടുതൽ ഭാഗവും മങ്ങിയതായിരിക്കും(നിറം നഷ്ടപെട്ടത്). ധാരാളം വലിയ കീറലുകളും കാണപ്പെടുന്നു.
POOR (PR) - കീറിപ്പറിഞ്ഞതും അത്യധികം പരിക്കുകളുള്ളതുമായ നോട്ടുകൾ. അഴുക്കുള്ളതും, കഷ്ണങ്ങൾ നഷ്ടപ്പെട്ടതും, പേനയോ മറ്റോ കൊണ്ടുള്ള എഴുത്തുകുത്തുകൾ കാണപ്പെടുന്നതും വലിയ ദ്വാരങ്ങൾ ഉള്ളവയുമാണിവ.ടേപ്പ് ഉപയോഗിച്ച നോട്ടു കഷ്ണങ്ങൾ ഒട്ടിച്ചതായി കണ്ടേക്കാം. നോട്ടിന്റെ കീറിപ്പറിഞ്ഞ വശങ്ങൾ കത്രികകൊണ്ടോ മറ്റോ വെട്ടി(Trimming) ഒഴിവാക്കിയതായി കാണാം.
No comments:
Post a Comment